തെക്കിനിക്കോലായിലെത്ര നേരം നിന്റെ
നനവാർന്ന മിഴികളിൽ നോക്കിയിരുന്നതും
ഓടിക്കളിക്കുന്ന പ്രണയാർദ്രമീനുക-
ളന്നാളിലെത്രസ്വകാര്യം പറഞ്ഞതും
പൂഴിത്തരികൾ പോൽചോർന്നുപോയ്
നേരവുമറിയാതലിഞ്ഞു നീയെൻജീവനാഡിയിൽ!
നിൻ സ്മേര നളിനിയിലെത്രയോ പകലുക-
ളൊഴുകി നടന്നതുമോർത്തുപോകുന്നു ഞാൻ!
കമലദളമൊത്ത കപോല പുടങ്ങളി-
ലരുമയാ,യൊരുരാവിൽ മുത്തമിട്ടോടി ഞാൻ!
മാതളച്ചൊടിയിലെ ചുംബന മൊട്ടുകൾ
മാരനു നേദിക്കാൻ കാത്തുവച്ചന്നു നീ!
ആനന്ദ നിമിഷങ്ങളായിരം പകരവേ,
ആവേശമായെന്നിൽ നിത്യം വളർന്നു നീ!
മാരുതക്കുസൃതിയിൽ പാവാടയിളകവേ,
പൊൻമണിച്ചിലങ്കകൾ കുലുങ്ങിച്ചിരിച്ചതും
നിന്നന്തരാത്മാവിന്നാഴത്തിലെന്നെ നീ
തളച്ചിട്ടതെന്തിന്നായോമനേ പിരിയുവാൻ!
അനുരാഗ നദിയിലൂടൊന്നായൊഴുകവേ
സമയരഥത്തിന്റെ ചിറകേറി പാറി നാം!
കലികാല ചക്രത്തിന്നിടയിൽ കുരുങ്ങി നാം
കദനപ്രളയത്തി,ലൊലിച്ചുപോയെവിടെയോ..