തണുത്തു വിറക്കുന്നെന്ന് പുഴയോട് പരിഭവം പറഞ്ഞിരിക്കെ
മീനുകളെയാരോ മായ്ച്ചു കളയുന്നു .
ചുട്ടുപൊള്ളുന്ന ആകാശത്തിലൂടെ
പറക്കൽ മടുത്തെന്ന് പക്ഷികൾ
ഓർത്തിരിക്കെ,
ആകാശവും മാഞ്ഞു പോകുന്നു.
വൻമരങ്ങളാകുന്നതും
സ്വപ്നം കണ്ടുറങ്ങിയ വിത്തുകളെ
മഴ വന്നുവിളിക്കാൻ
മറന്നിരിക്കുന്നു!
കുന്നുകളിലേക്കിപ്പോൾ
ചെറുകാറ്റുപോലും വരാറില്ല,
ചില്ലകളെ വന്നോന്നു
തൊടാറുപോലുമില്ല.
ഇപ്പൊഴും
കാട് വരക്കുമ്പോഴെല്ലാം, പച്ച
ചിത്രത്തിൽ നിന്നും പിണങ്ങിയിറങ്ങി നടക്കുന്നു.