മനുഷ്യാ നിൻ ചെയ്തികൾ അതിക്രമിച്ചെന്നമ്മ
പലവട്ടം താക്കീതു നൽകി..
മണ്ണിനു വേണ്ടി നീ തല്ലു കൂടുമ്പോഴും
അരുതേ എന്നോതി തടഞ്ഞു നിന്നു;
അമ്മതൻ മാറിടം മാന്തി പറിച്ചപ്പോൾ
സർവ്വം സഹയായി നോക്കിനിന്നു.
കൂടപ്പിറപ്പുകൾ പടവെട്ടി പൊരുതുന്ന
കാഴ്ചയിൽ അമ്മയ്ക്ക് മനമിടറി
അമ്മതൻ കണ്ണുനീർ അണപൊട്ടിയൊഴുകി അത് മഹാപ്രളയമായ്!!
മണ്ണും പെണ്ണും ഉറ്റോരുടയോരും
മണ്ണോടു മണ്ണായി തീർന്നനേരം
അഹന്ത മറന്നു നീ ചേർന്നു നിന്നു
കൈകോർത്ത് പൊരുതി പിടിച്ചു നിന്നു
വൈകിയ വേളയിലെങ്കിലും അമ്മതൻ കണ്ണുനീർ മക്കൾ തുടച്ചു മാറ്റി
പൊക്കിൾകൊടി ബന്ധം അറ്റുപോവാതെ
ഒരു മനമായെന്നും ചേർന്നു നിൽക്കൂ
നാളെ നീ വീണ്ടും അമ്മയെ മറന്നാൽ
സർവനാശത്തെ സ്വയം വരിക്കും