ശോണരാജിയിൽ
തുടുത്ത സന്ധ്യപോൽ
പരിഭവം നടിച്ചവൾ
ചാരേവന്നു നിന്നനേരം,
സിരകളിൽ മൃദു
ചന്ദന ഗന്ധം പകരുന്നു,
പ്രഫുല്ലമായ് മിഴി-
ചിമ്മുന്ന താരകൾ!
മംഗലപ്പാലയിൽ
ഗന്ധർവനണയുന്ന
യാമങ്ങളിൽ, പൂക്കൾ
വാരിവിതറിയ നഭസി-
ലുറ്റുനോക്കി നിന്നവൾ!
തനിക്കായിയൊരു
താരകം, പ്രണയാർദ്രമായ്
രതിഭാവമാർന്ന മിഴികൾ
കൂമ്പി,യലസമായ്, ധവള
തുഷാര ജലധരരഥമേറി
വരുന്നുണ്ട്, ഒരു രമ്യ സംഗമത്തിനായ്!
മൃദുല മന്ദാനിലൻ
വനമല്ലിക്കാവിലുലഞ്ഞ്
ലാസ്യമായ്, കുളിർ ചാമരം
വീശിയണയുന്നു താന്തമയ്.
നീല നിശീഥിനിയവൾ
മൂകസാക്ഷിയായ്
പഞ്ചമിത്തിങ്കളോടൊത്ത്,
പുലർകാല പൂജയ്ക്ക്
പൂക്കളിറുക്കുന്നു സൗമ്യയായ്.
ഒരു സ്വപ്നം പോലെന്നിൽ
പെയ്തു നിറയുന്നു നിദ്രയിൽ.