ആരുമാരും കണ്ടീടാതെ,
തൂങ്ങി നില്ക്കും മനുഷ്യന്റെ
അസ്ഥികൂടം കിടക്കുന്ന,
കാഴ്ച യെന്നപോൽ;
ചിതലുണ്ടു തകരുന്ന,
തൊഴുത്തിന്റെ ഭിത്തിക്കിതാ
ദ്രവിക്കുന്ന കലപ്പയോ,
ചാരിനില്ക്കുന്നൂ?
മാറാലയും കെട്ടിത്തണ്ടിൻ,
അഗ്രത്തിലേ ലോഹനാവിൽ
തുരുമ്പിന്റെ നിറംപറ്റി,
വികൃതമായി!
മുണ്ടകനും വിരിപ്പുമായ്,
കൃഷിനിത്യം ചെയ്തിരുന്ന
പാടത്തൊക്കെ റബ്ബറിന്റെ,
തോട്ടമല്ലയോ?
പൊന്നാര്യനും ചേറാടിയും
പൊൻകതിരു പരത്തിയ
പാടത്തിന്നു തൊട്ടാവാടി-
പ്പടർപ്പു മാത്രം!
കലപ്പതൻ കാലം പോയി,
ട്രാക്ടർ വന്നു, ടില്ലർ വന്നു
കൊയ്യുവാനും മെതിക്കാനും
യന്ത്രങ്ങൾ വന്നൂ!
കാലു നീട്ടി തട്ടിൻമേലെ,
കിടക്കുന്ന ഞവിരിയോ;
ദൈന്യത്തോടെ നോക്കുമ്പോളെൻ,
ചങ്കു പൊട്ടുന്നൂ!
താഴെ വീഴാൻ തക്കം നോക്കും
തൊഴുത്തിന്റെ യകത്തതാ;
പാൽപ്പായ്ക്കറ്റിൻ പ്ലാസ്റ്റിക്കുകൾ
കുന്നുകൂടുന്നൂ!
ചാണകത്തിൻ കുഴികളിൽ,
പെരിച്ചാഴി പുളയ്ക്കുന്നൂ;
ചേരപ്പാമ്പുമണലിയും
പൊത്തു നോക്കുന്നൂ!
തൊഴുത്തിന്റെ മോന്തായത്തിൽ,
വലകെട്ടിക്കിടക്കുന്ന;
ചിലന്തിയോ, സമ്രാട്ടായി,
വിഹരിക്കുന്നൂ!
കുഴിയാനച്ചുഴിയുള്ള,
പുൽക്കുടിന്റെ കളങ്ങളിൽ;
വീട്ടിലുള്ള മാലിന്യങ്ങൾ,
കുമിഞ്ഞു നില്പൂ!
ചത്തൊടുങ്ങും കൃഷിയുടെ,
കിടപ്പറയ്ക്കരികിലാ
ചീവീടുകൾ രാമായണം
നീട്ടിപ്പാടുന്നൂ!
കർഷകന്റെ, കൃഷിയുടെ,
ശവദാഹം നടത്തുവാൻ;
വേനലതാ കത്തിക്കാളി,
കാത്തു നില്ക്കുന്നൂ!
സാന്ത്വനത്തിൻ വായ്ത്താരികൾ,
ഘോരഘോരം മുഴക്കുന്ന
സർക്കാരിനും കഴിയില്ല,
രക്ഷ നല്കീടാൻ!
സർക്കാരല്ല മനുഷ്യന്റെ,
ബോധമാണു മാറേണ്ടത് ;
കീടമല്ല എലിയല്ല,
കൃഷിക്കു ദോഷം!