(T V Sreedevi)

കണ്ണാ നിനക്കായി
കാത്തിരിക്കുന്നിന്നും,
വൃന്ദാവനത്തിലെ
കൊച്ചു രാധ.

ഇന്നു നിൻ കോലക്കുഴൽ
വിളിനാദമെന്നുള്ളിൽ,
തുളുമ്പും വിരഹഗാനം!

നിന്റെ പാദസ്വനം
കാതോർത്തിരിക്കുന്ന-
യെന്മനം തേങ്ങുന്ന-
തറിഞ്ഞില്ല നീ!

നീലക്കടമ്പുകൾ
പൂക്കുമാറില്ലിപ്പോൾ,
കാളിന്ദി കളകളം
പാടാറില്ല!

നിൻ പൈക്കിടാങ്ങൾ
നിൻകാലൊച്ച കാതോർത്തു,
മേയാതെയെപ്പൊഴും
നോക്കി നിൽപ്പൂ!

ശ്രാവണ ചന്ദ്രിക
പുഞ്ചിരിക്കാറില്ല,
താരകപ്പൂക്കൾ
വിരിയാറില്ല!

വനമുല്ലകൾ പൂക്കൾ
ചൂടി നിൽക്കാറില്ല,
വനമാലി നിന്നെയു-
മോർത്തു നിൽപ്പൂ!

നിൻ മുരളീരവം
കേൾക്കാതെയെങ്ങനെ,
ഞങ്ങളുറങ്ങുമെൻ
ഗോപബാലാ!

താരണി മണിമഞ്ചം
ഞാൻ വിരിച്ചിട്ടിട്ടും,
പോരാത്തതെന്തു നീ,
വാസുദേവാ!

പൂമണിത്തെന്നലിൽ
ഒഴുകി വന്നെത്തുന്ന,
പൂവിൻ സുഗന്ധവു-
മറിഞ്ഞില്ല ഞാൻ!

നിൻ തിരുമേനിയിൽ
ചാർത്തുന്ന മലയജ-
  നറുമണം മാത്രമേ
അറിയുന്നു ഞാൻ!

നിൻ രാഗ രേണുക്കൾ
മാത്രമണിയുന്ന
പാവമീ രാധയെ
ഓർക്കുമോ നീ!

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ