(Rajendran Thriveni)
എന്നേ മറന്നുവോ മക്കളേ,
ഞാനല്ലേ അമ്മ, വസുന്ധര!
സൂര്യന്റെ പ്രേയസി,
ജീവന്റെ നാമ്പിനെ ഗർഭം ധരിച്ചവൾ!
മക്കളേ, നോക്കുകാ
വലിയ തറവാടിനെ,
കാണുക പല കോടി
നക്ഷത്ര വ്യൂഹങ്ങൾ;
അവിടെക്കറങ്ങുന്ന
തമ്മയെപ്പോലുള്ള
ശതകോടി ഗോളങ്ങൾ,
ഗ്രഹമെന്ന കൂടപ്പിറപ്പുകൾ!
കോടി ഗോളങ്ങളിൽ
ജീവന്റെ നിധിയുള്ള
ഗ്രഹമെന്ന പേരിന്നു
നമ്മളാം ഭൂമിക്കു മാത്രം!
വയസ്സായി മക്കളേ,
ഒന്നല്ല, രണ്ടല്ല, നാലര
ശതകോടി വർഷങ്ങ-
ളമ്മ കടന്നു പോയ്!
പ്രായം വിധിച്ചതോ...
ജ്വരമാണു മക്കളേ;
പൊള്ളുന്ന ചൂടാണു
മേനിയിൽ മുഴുവനും!
പൊള്ളിക്കുമിളച്ചു
വിണ്ടുകീറുന്നെന്റെ,
സ്നേഹം ചുരത്തിയ
ചേലൊത്ത മാറിടം!
നൽമുലപ്പാലിന്റെ
അമൃതം ലഭിക്കാതെ
പിടയുന്നു, ചാവുന്നു,
പിഞ്ചു കുരുന്നുകൾ!
വിറയലിൻ തീവ്രത വീഴ്ത്തുന്നു വീടുകൾ,
രക്തം പഴുപ്പായി
പ്രളയം നിറയ്ക്കുന്നു,
മാംസം ദഹിച്ചങ്ങു-
രുൾപൊട്ടലാവുന്നു!
ഹൃദയത്തുടിപ്പുകൾ
വൻതിരയാവുന്നു,
വിഷവാതകങ്ങളാൽ
ശ്വാസം നിലയ്ക്കുന്നു!
ആർത്തപ്രരോദനം
എങ്ങും പരക്കുന്നു,
തളരുന്നു മക്കളേ
വയ്യാതെയാവുന്നു...
അഞ്ചാറു പൊൻമക്കൾ
ചൊന്നതു കേട്ടില്ലേ,
"അമ്മയ്ക്കരികിലേക്കെത്തുക,
അമ്മതൻ ചൂടേറ്റുറങ്ങുക,
അമ്മയെ വില്ക്കുവാൻ കമ്പോളം
തിരയാതിരിക്കുക...
അമ്മ വിശുദ്ധിയെ
കാത്തു സൂക്ഷിക്കുക!"
കഷ്ടം, ഈയമ്മഗർഭത്തിന്റെ
ശാപമാം വിത്തുകൾ,
അലറിക്കുതിക്കുന്നു
എന്നെ ഹിംസിക്കുവാൻ,
രക്തം കുടിക്കുവാൻ
മാനം തകർക്കുവാൻ!
സൗരയൂഥ പ്രഭോ,
അന്ധനായ്ത്തീർന്നുവോ?
കാണുവതില്ലേ, നിൻ മക്കളേ,
രക്തദാഹം മൂത്ത
കാട്ടു ചെന്നാക്കളേ!
തീക്കണ്ണുരുട്ടുക
ചൂടറിയിക്കുക,
നേരേനടക്കുവാൻ
ശാസനം നല്കുക!
ദൃശ്യപ്രഞ്ചത്തിൽ
ഏകയാണീ ഭൂമി,
ജീവന്റെ ഖനിയായ
ബ്രഹ്മാണ്ഡ ഗർഭം!
ആലംബ ഹീനയായ്
തളരുന്നു മക്കളേ...
അന്ത്യോദകത്തിനായ്
കേഴുന്നു, കേൾക്കുക!