(രാമചന്ദ്രൻ, ഉദയനാപുരം )
ഓർമിക്കാനായിട്ടൊത്തിരി നിമിഷങ്ങൾ,
കാഴ്ചനൽകിയൊരെൻ ബാല്യകാലം...
വിസ്മരിക്കുവാനാകുമോയെന്നെങ്കിലും
ഓർമയെന്നിൽ നശിക്കുംവരെയും.
മുറ്റത്തു നിൽക്കുമാ ചക്കരമാവിനു-
മുണ്ടാം കഥകൾ പലതും ചൊല്ലാൻ.
മൂവന്തിനേരത്തു വിടചൊല്ലിപ്പോകും,
ആദിത്യനുമുണ്ടാം പറയാനായ്.
ഓർക്കുന്നു ഞാനെല്ലാമിന്നലെയെന്നപോൽ,
ഉള്ളിൽ താലോലിച്ച നിമിഷങ്ങൾ!
ആ കാലമൊന്നുകൂടി വന്നെങ്കിലെന്നു,
മോഹിക്കാത്ത ദിനങ്ങളപൂർവം!
ആ നാളതൊരിക്കലും വീണ്ടും വരില്ലാ-
യെന്നു പഠിപ്പിക്കുന്നെന്നുള്ളത്തെ.
ആ നല്ലകാലത്തു ജീവിക്കാനായതു,
ഭാഗ്യമെന്നല്ലാതെന്തു പറയാൻ!