എന്തിനോ പിന്നെയും ഓണ-
മിങ്ങെത്തുമ്പോൾ,
എന്തിനോ ഉള്ളം
പിടയുന്നുവെപ്പോഴും!
ഉണ്ണികൾ മുറ്റത്തു പൂക്കളം തീർക്കുമ്പോൾ,
എന്തിനോയെന്മനം
തേങ്ങുന്നു മൗനമായ്!
പൂവിളിയുമായി
നാടുണരുമ്പോഴും,
പൂക്കളെല്ലാടവും
പുഞ്ചിരിക്കുമ്പോഴും,
പൂനിലാച്ചോലയിൽ
മുങ്ങിക്കുളിച്ചിട്ടു
പൂമ്പട്ടുടുത്തു പൊന്നോണ
മെത്തുമ്പോഴും;
എന്തോ എനിക്കൊ-
രപൂർണ്ണത വന്നെന്നെ
എന്തിനോ നോവിച്ചു പോകുന്നുവെപ്പോഴും!
പണ്ടു മാവേലി
ഭരിച്ചൊരു നാടിന്റെ
പൂർണ്ണതയിന്നു കൈവിട്ടു
പോയപോൽ!
പൊൻകതിർ ചൂടുന്ന പാടങ്ങളെങ്ങുപോയ്,
നാട്ടു വിളകൾ തൻ സമൃദ്ധിയുമെങ്ങുപോയ്?
പാറിപ്പറക്കുന്ന
പൂത്തുമ്പിയും പിന്നെ
പാട്ടുപാടുന്ന കിളികളു-
മെങ്ങുപോയ്?
നാട്ടുപൂക്കൾ ചൂടും
ഗ്രാമ വിശുദ്ധിയും,
ചേർത്തു പിടിച്ച
കരങ്ങളുമെങ്ങുപോയ്?
പൂവിളിയോടെ പണ്ടോണ
നാളെത്തുമ്പോൾ,
കൂട്ടുകാരോടൊത്തു
പൂ പറിക്കുന്നതും,
ഭക്തിയിൽ മുറ്റത്തു
പൂക്കളം തീർപ്പതും,
ഓണയുടുപ്പിൻ
പുതു ഗന്ധവുമെന്റെ-
യോർമ്മയിലിന്നും
മിഴിവോടെ നിൽക്കയായ്!
കൂട്ടുകുടുംബത്തി
ലെല്ലാരുമൊന്നിച്ചു,
ആർപ്പും കുരവയു-
മിട്ടെതിരേൽക്കുന്നതും
എല്ലാരുമൊന്നി-
ച്ചൊരുക്കുന്ന സദ്യയും
എല്ലാമെനിക്കു
ഗൃഹാതുരമായവ.
ഇങ്ങിനിയെത്താത്ത
കാലമേ നീയെന്റെ, നെഞ്ചിലുണർത്തുന്നൊ-
രായിരമോർമ്മകൾ!
ഇന്നെന്റെയോണ
മൊതുങ്ങുന്നിവിടെയീ
വീടിന്റെയുള്ളിലും,
ഇത്തിരി മുറ്റത്തും...
അന്യനാട്ടിൽ നിന്നു-
മെത്തുന്ന പൂക്കളും
ചന്തയിൽ നിന്നു
വാങ്ങുന്ന വിഭവങ്ങളും,
വീട്ടുപടിക്കലെത്തീടുന്ന സദ്യയും,
ഒക്കെയുമെന്നിൽ
വിഷാദം നിറയ്ക്കുന്നു.
എങ്കിലും ഞാനു
മെതിരേൽക്കട്ടെ-
യോണത്തെ,
കാലത്തിനൊപ്പം
ചരിക്കാതെയൊക്കുമോ?
ഉള്ളതുകൊണ്ടു
സംതൃപ്തി നെടീടുവാൻ
ഇന്നു സ്വയം പരിശീലി-
ച്ചിടട്ടെ ഞാൻ