ആടിമാസത്തിൻ്റെയല്ലൽ നീങ്ങി
ആകാശമുറ്റം തെളിഞ്ഞ നേരം
ചിങ്ങപ്പുലരിയണിഞ്ഞൊരുങ്ങി
ചെഞ്ചുണ്ടിൽ മന്ദസ്മിതാർദ്രയായീ ..
നെല്ലിൻ കതിർക്കുലക്കറ്റയേന്തി
കന്യമാർ പാടവരമ്പിലൂടെ
മന്ദമൊരുങ്ങിയൊതുങ്ങി നീങ്ങും
സുന്ദരക്കാഴ്ചകൾ നാലുപാടും..
തുഞ്ചൻ്റെ പൈങ്കിളിപ്പെണ്ണുമെത്തീ
പുഞ്ചനെല്ലിൻ കതിർ കൊക്കിലേന്തീ
കുഞ്ഞിച്ചിറകു വിരുത്തി വീണ്ടും
വിണ്ണിനെ നോക്കിപ്പറന്നുയർന്നൂ.
മുക്കുറ്റി, മന്ദാരം, ചെമ്പരത്തീ
കണ്ണൊന്നെഴുതിയ ശംഖുപുഷ്പം,
തൂവെള്ള ചേലയുടുത്തൊരുങ്ങീ
തൂമൃദുഹാസ മാർന്നെത്തീ തുമ്പ
എങ്ങുമലയടിച്ചെത്തിടുന്നൂ
പൊന്നോണപ്പൂപ്പൊലിപ്പാട്ടിനീണം
തുമ്പികൾ പാറിപ്പറന്നിടുമ്പോൾ
തുമ്പമാർന്നോമനക്കുട്ടികളും
എൻ്റെ മലനാട്ടിനെന്തു ഭംഗി
ചന്തംതികഞ്ഞൊരു കന്യയെപ്പോൽ!