(ബിനു കൊച്ചുവീട് )
വാസന്ത ചന്ദ്രിക ചിരിച്ചു നിന്നു , എന്നിൽ
മോഹമുകുളങ്ങൾ പൂവിട്ട നാൾ
പൊയ്മുഖമേന്തി വന്നു ചേർന്നൂ , അവർ
എന്നുടെ മോഹത്തിൻ വാടി തേടി
മംഗല്യജീവിത സ്വപ്നവുമായി
നമ്രശിരസ്സയായി നിന്നു ഞാനും
താലിച്ചരടു ചേർന്നോരെന്നിൽ
ദാമ്പത്യ ജീവിത കണ്ണിയായി
നാട്യങ്ങളേറുമാ സ്നേഹബന്ധത്തിലാ
ദാമ്പത്യജീവിതം നീങ്ങി മെല്ലെ
കാഞ്ചനശോഭയ്ക്കു മാറ്റു കൂട്ടാൻ
മണ്ണിന്റെ വിസ്തൃതി ഏറ്റി നിർത്താൻ
താതനെ സമ്മർദ്ദമേറ്റിടുവാൻ
മർദ്ദന നോവുമറിഞ്ഞു ഞാനും.
അല്പാല്പമെന്റെ മൊഴിയിൽ നിന്നെൻ
അമ്മയും കാര്യം ഗ്രഹിച്ചിരുന്നു
താതനോ വിഷാദ മൂകനായി
വീടിന്നാധാരമെനിക്കു നൽകി
"ഇനിയുള്ളതാകെ ഇതുമാത്രമാണെൻ
മകളേയിതു നീ എടുത്തു കൊൾക
എന്തിനും ഏതിനും കൂട്ടിനായി
അച്ഛനും അമ്മയും ഉണ്ടതോർക്കാ
മുഗ്ദ്ധമാം ജീവിതമാസ്വദിക്കാൻ
വിട്ടുവീഴ്ച തൻ സ്ഥാനമോർക്ക.
നിന്നുടെ ലക്ഷ്യവുമേറിടാനായി
നല്ലൊരു ജോലിയുമെന്നുമോർക്ക.
എന്തിനും ഏതിനും കൂട്ടിനായി
ഞങ്ങളുണ്ടെന്നു മറന്നിടാതെ
ചെല്ലുക ചെല്ലുക പൊന്നോമലേ
നിന്നുടെ ജീവിതം അവിടെയല്ലോ"
എല്ലാം നൽകിയോരടിമ പോലെ
ദിവസങ്ങളങ്ങനെയെണ്ണി നീക്കി.
പുത്തനാവശ്യങ്ങൾ ഏറി വന്നു
ഏറിയാ മർദ്ദനം എന്നുമെന്നും
കാലം വിളക്കുമാ സന്ധ്യകളേ ,
മൗനമായി നീയതു കണ്ടതല്ലേ
എന്നിട്ടും നീയെന്നെയേകയാക്കി
ഇരവിനെത്തേടിയകന്നതെന്തേ?
എന്നുള്ളിലെരിയും അഗ്നിയുമായി
ഇരവിന്റെ കുളിരിലും തപിച്ചതല്ലേ
ദുഃഖത്തിൻ മുള്ളുകൾ ചേർത്തു വച്ചെൻ
ചിത്തവും കീറി മുറിഞ്ഞിടുന്നു.
ഇനി വേണ്ട ജീവിതമീയുലകിൽ
മൃത്യുവേ പുല്കുവാൻ വന്നിടട്ടെ
ഇവ്വിധം ചിന്തിച്ചുറച്ചൊരെന്നിൽ
കുളിരല വീശിക്കറങ്ങി പങ്ക.
പുതിയതാം സാരിയതൊന്നെടുത്തു
പങ്ക തന്നുടലിൽ വരിഞ്ഞു കെട്ടി
അഗ്രത്തിൽ തലയോളം കുരുക്കുമിട്ടു
മരണക്കുറിപ്പൊന്നു തീർത്ത നേരം
ഉള്ളിലെക്കോണിലെങ്ങു നിന്നോ
അമ്മ തൻ പൊൻവിളി കേട്ടു നിന്നു.
കാലം മറയ്‌ക്കാത്ത ചിന്തകളാൽ
ഉള്ളം കറങ്ങിയാ പങ്ക പോലെ
എന്തിനു ഞാനും മരിക്ക വേണ്ടൂ
മരണമെൻ ജീവിത തോൽവിയല്ലേ
എന്നിലെ പെണ്ണിനെ കാത്തിടാത്ത
പതി തൻ ജീവിത വിജയമാകും.
എന്നെ സ്നേഹിപ്പവർ പിടയുകില്ലേ
അച്ഛനുമമ്മയും തളരുകില്ലേ
ഈയുള്ള കാലം വരേയ്ക്കുമവർ
ജീവനായ്ക്കരുതി കാത്തതല്ലേ
എന്തിനും ഏതിനും കൂട്ടിനായി
ഇപ്പോഴും എപ്പോഴും കൂടെയില്ലേ
എല്ലാം തുറന്നൊന്നു ചൊല്ലിടേണ്ട
കാലവുമിപ്പോൾ വൈകിയില്ല
തെല്ലൊട്ടു നോവുമാ മനമെങ്കി-
ലെൻ മൃത്യുവോളം വരില്ലൊരു നോവുമേ.
ഇല്ല, മരണം എനിക്കു വേണ്ട ,
ജീവിത വിജയം കൂട്ടിടും ഞാൻ
സ്നേഹമില്ലാത്തൊരു ബന്ധനത്തിൻ
അഴികൾ പിടിക്കും കിളിയല്ല ഞാൻ
ശിരസ്സേറ്റി വച്ചൊരാ ദാമ്പത്യഭാരവും
അകലേക്കെറിഞ്ഞിന്നു സ്വതന്ത്രയായി
ഉള്ളിലെ സങ്കടം കടലായൊഴുക്കിയെൻ
അമ്മ തൻ മടിയിൽ ചാഞ്ഞ നേരം
മുടിയിഴ തഴുകിത്തലോടും കരുതലായച്ഛനും
എന്നിൽ സ്നേഹം പൊഴിച്ചു നിന്നു.
അന്യോന്യമറിയാത്ത ദാമ്പത്യബന്ധത്തിൻ
കനലിലെരിയുമൊരു ഈയ്യാംപാറ്റ പോൽ
വെന്തു വെണ്ണീറായി മനമുരുകീടാതെ
പറന്നുയർന്നീടൂ നീ ഫീനിക്സ് പക്ഷി പോൽ