(Ramachandran Nair)
ഹാ! പുഷ്പമേ, നിൻ മുഖമെന്തേയിന്നു വല്ലാതെ
വീർത്തു വിളറിയിരിക്കുന്നു നോക്കുകിൽ;
മധുപനെക്കാണാത്തതിൻ സങ്കടമോ,
അതോ സഹസ്രാംശു നിന്നെയിന്നു നോക്കാത്തതിനാലോ!
കാലവർഷം വന്നതറിഞ്ഞില്ലേ നീയിതുവരെയും
ആകാശം കാർമേഘത്താലാവൃതമായിരിക്കുന്നു;
നീ പ്രതീക്ഷിക്കും പോലെ,യിനിയുള്ള നാളുകൾ
പ്രദ്യോതനനെപ്പലപ്പോഴും കണ്ടില്ലെന്നും വരാം...
നിന്റെ മധുപനു നൽകാൻ നീ കരുതിവച്ച
മധു വർഷ ബിന്ദുക്കൾ കവർന്നെടുത്തെന്നും വരാം;
നിന്നെയാലിംഗനം ചെയ്യാനെത്തും മധുപന്,
വരാൻ പറ്റിയില്ലായെന്നും വരാം പെരുമഴയിൽ...
ഋതുഭേദങ്ങൾ പ്രകൃതിദത്തമാണെന്നറിയില്ലേ,
ജീവൻ നിലനിൽക്കുമോ ഋതുക്കൾ മാറിയില്ലെങ്കിൽ;
നിന്നെ പ്രണയിക്കും മധുപനെക്കാണാൻതന്നെ
പറ്റുമോ നിനക്ക് ജീവൻ നിലനിന്നില്ലയെങ്കിൽ!