ഒന്നുമെഴുതാത്ത പുസ്തകത്താളിലെ
വെൺമയിൽ നോക്കിപ്പകച്ചിരിക്കുമ്പോൾ,
കേൾപ്പൂ നിലവിളി, കാടിന്റെ രോദനം
ഹൃദയം നുറുക്കുന്ന ദുഃഖാർദ്രനാദം!
കാടിന്റെ സ്വച്ഛമാം ശീതളഛായയിൽ
ആടിക്കളിച്ചയാ പാഴ്മുളം തണ്ടുകൾ
വെട്ടിച്ചതച്ചങ്ങരച്ചു, യന്ത്രത്തിന്റെ
മർദനം താങ്ങിപ്പരന്നു നിറം മാറി;
വെട്ടിപ്പകുത്തങ്ങടുക്കി നിർമിച്ചയീ
പുസ്തകം സൂക്ഷിപ്പു,
കാടിന്റെ കണ്ണുനീർ!
എങ്കിലും ധന്യത വന്നുചേരുന്നുണ്ട്,
കുഞ്ഞിളം കൈകളാലക്ഷരപ്പൂക്കളെ
താളിൽ കുറിച്ചു പഠിച്ചു ജയിക്കുമ്പോൾ,
വിശ്വസംസ്കാരത്തിന്നേടായി മാറുമ്പോൾ!