വല്ലപ്പോഴുമെഴുതുന്ന തോന്ന്യാക്ഷരങ്ങളിൽ ഇഷ്ടത്തിന്റെ ഇനിപ്പുണ്ടല്ലോ എന്നു പറഞ്ഞതു നീയാണ്.
എഴുതുന്നതെല്ലാം പ്രണയത്തിന്റെ ഭാഷയിലാണല്ലോ എന്നറിഞ്ഞതും നീയാണ്.
എന്റെ വാക്കുകളിൽ കണയെയ്തു ഇണയെ വീഴ്ത്തിയ വേടനോടുള്ള രോക്ഷമുണ്ടെന്നു കണ്ടതും നീയാണ്.
വാക്കിന്റെ അരികുകളിൽ ഇണയെ വേർപെട്ട ക്രൗഞ്ചപ്പക്ഷിയുടെ കണ്ണീരും രുചിച്ചതും നീ തന്നെ, നീതന്നെ.
മഴ കാത്തു കാത്തു വരണ്ടു പോയ ഭൂമിയുടെ ദാഹം ...
മുതുകിലടിയേൽക്കുന്ന ഉഴവുകാളകളുടെ അമർഷത്തിന്റെ കുളമ്പൊച്ച...
ഇരുമ്പുകമ്പിയാൽ പിളർക്കപ്പെടുന്ന ഗർഭപാത്രത്തിന്റെ രക്തരോദനം...
നിന്റെ പാട്ടുകളിൽ നിറയുന്നതെന്തൊക്കെയെന്നു നീ!
നിനക്കു നിന്നെ കാണാനും നിന്നിലെന്നെ കാണാനും കവിത വഴിയാകുമെന്ന് പഠിപ്പിച്ചതു നീ.