ഞാനെന്നെ വിറ്റുവോ!
ജീവിത വേദിയിൽ,
നാല്ക്കാലിച്ചന്തയിൽ
ഇരുകാലിയായഞാൻ,
കാലിലും കൈയിലും
കണ്ണിലും കാതിലും
വായിലും മൂക്കിലും
ഊരാക്കുടുക്കുകൾ
ബന്ധിച്ചു മാന്യനായ്
കച്ചോടക്കാലിയായ്,
വാലാട്ടി നില്ക്കയോ?
പോയജന്മത്തിലെ
കർമക്കൊളുത്തതിൽ
ആത്മാവുടക്കിക്കിടപ്പെന്നു
ചൊല്ലിപ്പഠിപ്പിച്ചു ജ്ഞാനികൾ!
നാടു വരുത്തിയ വീട്ടാക്കടത്തിന്റെ
ഭാരംവഹിക്കുന്ന വണ്ടിയിൽ,
തണ്ടുവലിക്കുന്ന കാളയായ്
മുന്നോട്ടിടറിച്ചരിക്കുന്നു!
വംശമാഹാത്മ്യവും
നാട്ടുമര്യാദയും
അർഥശൂന്യങ്ങളാം സ്ഥാനമാനങ്ങളും,
ഞാനറിയാതെന്നെ
കച്ചവടത്തിനായ്
സൃഷ്ടിട്ചുവെച്ചുവോ
ശ്രേഷ്ഠസംസ്കാരമേ?
വിലപറഞ്ഞെത്തിയ
കൂട്ടിന്റെ ദല്ലാക്കൾ,
അനുവാദമില്ലാതെ
പൊക്കിയെടുത്തെന്നെ
ചന്തയ്ക്കുപോകുന്ന
നാട്ടുചരക്കിന്റെ
കൂട്ടത്തിലിട്ടു ഞെരുക്കുന്നു!
ഒന്നുകരയുവാൻ,
പൊട്ടിച്ചിരിക്കുവാൻ,
ആഞ്ഞുവലിച്ചൊന്നു
ശ്വാസമെടുക്കുവാൻ;
ഞാനെന്റെ രക്തത്തെ
നികുതിപ്പണത്തിനായ്
ഇറ്റിറ്റു ചോർത്തി
നിറച്ചു കൊടുക്കണം!
ഞാനല്ല, ചന്തതൻ
ഊടുവഴികളിൽ
വിലപേശിവില്ക്കുന്ന
ചന്തക്കിടാങ്ങളു
നല്കുന്നതാണെന്റെ
മൂല്യവും മേന്മയും!
നെറ്റിയിലൊട്ടിച്ച
പരസ്യവിലയുടെ
ഒത്തിരിതാഴെയെൻ
നേരായ മൂല്യവും!
ഡോളറും രൂപയും
ചൂതുകളിക്കുമ്പോൾ
മാറിമറിയുന്ന
വിലയുള്ള ജീവിതം,
അഴുകാതിരിക്കുവാൻ
രാസയോഗങ്ങളെ
ചുറ്റും തളിക്കുന്ന
വിഷക്കൂട്ടിലാണു ഞാൻ!