(ബിനു കൊച്ചുവീട് )
ദുഃഖത്തിൻ ചൂളയിൽ നീറുന്ന
മനമതിൽ കാലം കോറിയ
ചിത്രങ്ങൾ കണ്ടു ചിരിച്ചു നിന്നാ
ദേഹം കണ്ട പരിഹാസ ലോകമേ,
നിന്നിലെ ചെയ്തികളാണോയവനിലാ
ഉന്മാദ നൃത്തച്ചുവടു നൽകി.
ഏറെ സ്നേഹിച്ചതാം സ്വപ്നങ്ങളല്ലോ
ഭ്രാന്തേറ്റിയവനിൽ ഫണം വിടർത്തി.
എന്നും ചിരിച്ചും കരഞ്ഞുമായുള്ളിലെ
പരിഭവമൊക്കെ പറഞ്ഞു തീർത്തും,
തെല്ലൊരുറക്കം കൂട്ടിയ നേരമാ
ദുശ്ശകുനപ്പക്ഷി പറന്നു വന്നാ
ദംഷ്ട്രകളാഴ്ത്തുന്ന നേരമുള്ളിൽ
ഉയർന്നൊരാ രോദനമല്ലേ തളച്ചതാ
കൂരിരുൾ മൂടും മുറിയതൊന്നിൽ
അഴികളകലത്തിൽ പാകി കുരുക്കിട്ട്
ഒരുമിച്ചു നിങ്ങൾ ചേർന്നു വിളിച്ചതാം
വിളിപ്പേരവനു നൽകി പുതു നാമം
അതു കെട്ടവനും ഉറപ്പാക്കിയാ പേരും
ഭ്രാന്തനായി പൊട്ടിച്ചിരിച്ചു നിന്നു,
കാലിലെ ചങ്ങലയ്ക്കാണ് ഭ്രാന്തെന്നു
ചാന്നാനൊരിക്കൽ പറഞ്ഞപോലെ
മനസ്സിലെ താളങ്ങളകലുന്ന നേരം
ചേർത്തു പിടിച്ചു തലോടൂ ലോകമേ
അവനിലെ വിഷാദം തെല്ലൊന്നകലുവാൻ
ഭ്രാന്തിൻ ചങ്ങല പൊട്ടിച്ചെറിഞ്ഞൊരൂ
നവയുഗ ശീലുകൾ ചേർത്തു മിനുക്കിയ
ഇതിഹാസ കാവ്യ ശില്പിയായീടുവാൻ.