മഹാ നഗരങ്ങൾ
പിഴപ്പിച്ച്, പെറ്റിടുന്ന
ജാരപ്പിറവികൾ,
തെരുവിന്റെ മക്കൾ!
കോൺക്രീറ്റ് കുഴലുകൾ
ഓടതന്നോരങ്ങൾ,
ശയനപ്പുരകളായ്
രുചി വേർപെട്ട
വെറും വയറുകൾ
ചൂളപാടുന്ന ആർഭാട
നഗരങ്ങൾ!
ശീതം അരിക്കുന്ന
ശാന്തരാവിൽ,
കൊതുകിന്റെ താരാട്ട്
പാട്ടിന്റെ,യീണത്തിൽ
പിഞ്ചിയ ചേലകൾക്കുള്ളിൽ
മതി മറന്നുറങ്ങുന്ന
സുകൃത ജന്മങ്ങൾ!
അധികാര മോഹത്തിൻ
ശീതള ച്ഛായയിൽ
പ്രാകൃതരായ് നഗര
രാജാക്കന്മാർ മരുവുന്ന
ദേശമേ...
നാണമില്ലെ നിങ്ങൾക്കിനിയും
പ്രസംഗിക്കാൻ?
ഒരു നേരമുണ്ണുവാൻ
ഉടയാട ഉരിയുന്നു,
തെരുവിന്റെ ഉണ്ണിയെ
പോറ്റി വളർത്തുവാൻ.
കോടികൾ ആർഭാട-
ക്കോമരം തുള്ളുവാൻ,
വാരിപ്പൊലിക്കുന്നു
നീച പ്പരിഷകൾ!
ഭാരതീയരെല്ലാം
സോദരരാണെന്ന്,
വെറുതെ പുലമ്പുന്നു
ദുഷ്ട മൃഗങ്ങളും!
ചിലർക്കവർ വേണം,
എങ്കിലെ തത്വശാസ്ത്രം
പൊലിപ്പിച്ചു തുള്ളിയിട്ട-
ലറാൻ, 'പട്ടിണിപ്പാവങ്ങൾക്കു-
ലർത്തി ക്കൊടുക്കുണം!'