(റുക്‌സാന അഷ്‌റഫ്)
ആദ്യത്തെ പ്രണയം ആരോടായിരുന്നു?
അമ്പിളി മാമനോട്, നിലാവിനോട്
യക്ഷികഥകളോട് പിന്നെ, എന്നോട് തന്നെയും,
പിന്നെ നിന്നോടും....നിന്നിലെ ശരികളോടും...
മുലപാലിന്റെ കുസൃതിയിൽ നിന്നും
പാവാടയിലേക്കുള്ള യാത്രയിൽ
എവിടെക്കൊയോ മനമലഞ്ഞു
പുത്തൻ കിനാവിനായ് പൂത്തുലഞ്ഞു....
പുഴവക്കത്തിരുന്നു മടുത്തു, പുഴയിറങ്ങാൻ കൊതിച്ചു,
നിൻ സ്പർശനത്തിൽ കുളിർത്തു
നനഞ്ഞ കാൽപാദങ്ങൾ വിറച്ചു
നിനവിൽ തണുപ്പിനാൽ കോരിത്തരിച്ചു....
തണുപ്പ് എന്നും ഒറ്റക്കാണ് -
കെട്ടിപിടിച്ചിരിക്കാൻ കരവലയങ്ങൾ വേണം,
അല്ലെങ്കിൽ പുതപ്പിനുള്ളിൽ നെടുവീർപ്പിട്ട്,
ഓർമകളെ അയവിറക്കി....അത് പോലെ ഞാനും.....
മോഹവും, ദാഹവും തോന്നുന്നത്,സ്വന്തം
ഉടലിനോടും, ഉടയാടകളോടും,
ഉന്മാദിനി എന്നും ഓർമകൾക്കൊപ്പം....
ആടിത്തിമർത്ത് പ്രണ യത്തിലാണല്ലോ.....
എന്നിട്ടും.... നീ എന്നെ മോഹിപ്പിച്ചപ്പോൾ ഞാൻ പിടഞ്ഞു....
ഓർമകൾക്ക് പലപ്പോഴും കൈപ്പുരസമാണ്.... ചിലപ്പോൾ മധുരവും....
പതിഞ്ഞകാലൊച്ചയിൽ എവിടെയോ കാലത്തിന്റെ കുമിളകളുമുണ്ട്....
കാലമുണ്ടങ്കിലല്ലേ ഓർമകളുമുള്ളു....
എന്നാലുമെവിടെയോ ഒളിച്ചു വെച്ച സംഗീതം പോലെ....
ശീതകാറ്റിന്റെ നിഗൂഢതയോടെ
ശരീരത്തെ തൊട്ടുണർത്തി പ്രണയം
വല്ലാതങ്ങു പിടയുന്നു ഹൃത്തടം നൊന്തു,
ഒടുവിൽ കൈ മലർത്തിയപ്പോ....
വിഷാദം തോന്നിയതും എന്നോട് തന്നെ
പ്രണയം പറന്ന് പോയ വഴികളെ കുറിച്ചോർത്തു
വിരഹം തോന്നിയതും എന്നോട് തന്നെയായിരുന്നല്ലോ..