1.
അമ്മക്കൊത്തിരി മണങ്ങളുണ്ട്,
അടുത്തിരുന്നപ്പോൾ അറിയാതെ പോയ മണങ്ങൾ.
അടുപ്പത്തൂന്നു വാങ്ങി വെച്ച അവിയലിൽ പച്ചെണ്ണ തൂകി പാത്രത്തിലേക്ക് കോരാൻ കാത്തിരിക്കും നേരത്തെ മണം
ചക്കപ്പുഴുക്കിൽ കുഴി കുത്തി കാന്താരി ചമ്മന്തി ഒഴിക്കുമ്പോളത്തെ,
മുറ്റത്ത് തെക്കു കിഴക്കേ മൂലയിൽ തെല്ലു നാണത്തോടെ നിൽക്കുന്ന-
മുല്ലയിൽ പൂക്കും പൂവിൻ്റെ,
ഉടയാതൈരിൽ ഉപ്പ് ചേർത്ത് കഴിക്കുന്ന ചോറിൻ്റെ
പുതിയ വി ഗൈഡിൻ്റെ പുറംചട്ടയുടെ,
പിങ്ക് നിറത്തിലെ ഗ്യാസ് ഗുളികയുടെ,
മണം ഒന്നിൽ നിന്നടുത്തതിലേക്കു ഒരുപനത്തലപ്പിൽ നിന്ന് -
മറ്റൊന്നിലേക്ക് പൊന്തൻ മാടയെന്ന പോൽ എടുത്തു ചാടുന്നു.
കാവിലെ തെരളി അപ്പത്തിൻ്റെ
കടയിലെ മുളകിട്ട മിച്ചറിൻ്റെ,
ഉണങ്ങാ ജാതിക്കായുടെ,
പറക്കെഴുന്നളിപ്പ് നാളിൽ മുറ്റത്ത് പാകിയ ചാണക ചെറുതറയുടെ
മണം ബോഗികൾ അടുക്കിയ ട്രെയിൻ കണക്കെ അടുത്തേക്ക് കൂകിയെത്തുന്നു.
2.
അമ്മയെന്നാൽ പെറ്റമ്മയേപ്പെറ്റമ്മ
വറ്റമ്മ-
വറ്റു വാരി തന്നു വഷളാക്കിയമ്മ
വലിയ പള്ളയിൽ വലിഞ്ഞുകേറാൻ
വാതൊറപ്പൻ ചെക്കനെ സമ്മതിച്ചമ്മ,
വലിയൊരുമ്മയാൽ വഴക്കെല്ലാം-
പൊറുക്കുന്നമ്മ
വടിയെടുത്ത്, വപ്പുകടിച്ചു ശകാരിക്കുന്നന്ന്
ഉള്ളിത്തീയൽ ഉറപ്പാക്കുന്നമ്മ.
എന്നിട്ടും എനിക്ക് പരിഭവമുണ്ട്,
ഇടഞ്ഞു നിന്ന് ഇടക്കിടെ പിണങ്ങിയിട്ടുണ്ട്,
എന്നേക്കാൾ ഇളയവരെ കൊഞ്ചിച്ചേന്.
പൊടുന്നനെ കിടന്നും, പെട്ടെന്ന് മരിച്ചും
ഇണങ്ങാൻ നിക്കാതെ പോയമ്മ.
ചെങ്ങന്നൂരപ്പൻ്റെ വിഷം തീണ്ടാ കല്ലിൽ ഒറ്റക്കാലിൽ നിന്ന്
തൊഴുമ്പോളൊക്കെ,
ഓരോന്നോരോന്നായി മണങ്ങളെന്നെ വന്നു പൊതിയുന്നു.
പറഞ്ഞു തീരാത്ത കുശലങ്ങളൊക്കെ പറന്നു വന്നെന്നോട് ചിലക്കുന്നു.
അമ്മക്കൊത്തിരി മണങ്ങളുണ്ട്
അടുത്തിരുന്നപ്പോളൊന്നും അറിയാതെ പോയ മണങ്ങൾ.