ഇവിടെയാണ് എന്റെ അവസാന ഗൃഹം -
ഇവിടെയാണ് എന്റെ അവസാന മണിയറയും .
ഇവിടെ എനിയ്ക്ക് കൂട്ട് ഇരുട്ടും, പുഴുക്കളും, പഴുതാരകളും മാത്രം.
ഞാനുറങ്ങുന്ന മൂന്നാം ദിനം എന്റെ കണ്ണുകൾ അടർന്നു വീഴും
ശരീരം വീർക്കും, ഉദരം പൊട്ടും, കുടലുകൾ പുറത്ത് ചാടും.
പുഴുക്കൾ ഇത് കണ്ടു രസിയ്ക്കും.
എന്റെ മാംസം ചീഞ്ഞുനാറും,
പുഴുക്കൾ വീണ്ടും രസിയ്ക്കും.
കൂട്ടത്തോടെ ഈച്ചകൾ പൊതിയും,
ഞാനെന്ന സത്യത്തെ
ഭക്ഷിച്ച് കൂട്ടത്തോടെ അവർ പാട്ടു പാടും.
എത്രയോ കാലംകേശാമൃതം തേച്ചു നീട്ടിയ -
കേശം കൊഴിഞ്ഞ് വീഴും,
തലയോട്ടി വികൃതമാകും,
പൗഡറിട്ട് മിനുക്കിയ വദനം വെറും എല്ലുകൾ മാത്രമാക്കി
പല്ല് കാട്ടി ചിരിയ്ക്കും.
ക്രമേണ എന്റെ നഖങ്ങൾ പൊഴിയും,
ഞാൻ കേവലം സൗന്ദര്യമില്ലാത്ത അസ്ഥി കൂടമാകും,
അപ്പോൾ എന്നെക്കണ്ടാൽ
ആർക്കും തിരിച്ചറിയാനാവില്ല.
ഇനി എന്നെ അറിയണമെങ്കിൽ ഭിഷഗ്വരൻ വേണ്ടി വരും,
എല്ലു നോക്കി, പല്ല് നോക്കി അറിയാൻ.