ഹേ...നിശീഥിനീ....
പകലിനെ ഹോമിച്ച ഹോമകുണ്ഡത്തിൽ
നിന്നുയിർകൊണ്ട സുന്ദരി,
പുണരുക!
നീ നിന്റെ സഹസ്രകരങ്ങളാൽ,
വിഹ്വല സ്മൃതികളിലാണ്ട ചിത്തങ്ങളെ
പുല്കിത്തഴുകി സമാശ്വാസമേകുക.
ഹേ....നിശീഥിനീ ......
അലകടലാഴങ്ങളിൽ നീരാടി നീ
വന്നു പാടിയുറക്കുക,
തീരാക്കനവിന്റെ തുഞ്ചത്തു വിടരുന്ന
കദനപഷ്പുങ്ങളെ താരാട്ടു പാടിയുറക്കുക.
പകലിന്റെ വ്യാമോഹ
ഖഡ്ഗത്തിനിരയായവർക്കു നീ സഹനമന്ത്രങ്ങളോതിക്കൊടുക്കുക.
ഹേ..നിശീഥിനീ ......
വാർമുടിക്കെട്ടിലിന്ദുപുഷപം ചൂടി
നക്ഷത്രദീപ്ത പുടവയുടുത്തു നീ
ഏകാന്ത യാമങ്ങളിൽ,
"പിച്ചനടത്തുവാനെത്തും രാഷ്ട്രീയ പുങ്കന്മാർ
പുത്രരെ വിട്ടുകൊടുക്കരുതേ"എന്നു വിലപിച്ച്
പുത്രവിരഹവിഷം കുടിച്ചല്പാല്പമായ്
മൃത്യുവിൽ സ്വയം വീണു ജീർണിക്കുമീ
മാതൃ ഹൃദയങ്ങളിൽ ശാന്തി നിറയ്ക്കുക.
ഹേ ....നിശീഥിനീ.....
വിരുദ്ധാശയങ്ങൾ ഏന്തുമീ
കൗമാരയൗവനം വിദ്യുത്
പക പകർന്നാടി, സോദര രക്‌തമൊഴുക്കിയൊളിച്ചോടിയ
തെരുവിനെ, ഗ്രാമത്തെ, നഗരത്തെ, ഭൂമിയെ
നിൻ മോഹശൂന്ന്യതയാൽ നിറച്ചീടുക.
നിന്നിലെ ശക്തിയും ശാന്തിയും സമത്വവും
നിറഞ്ഞൊരു ചെന്താമര മുകുളമായ്
പുതുതലമുറതൻ അകപ്പൊയ്കയിൽ
പൊന്തി,
നിൻയാത്രാവേളയിൽ,
പൊന്നുഷസിൻ കിരണാംഗുലി തൊട്ടുണർത്തി ഒരു
സുന്ദര സ്വർഗ്ഗമായ് തീരട്ടെ ഭൂതലം!