മഹാമാരി വിതറിയ നഷ്ടങ്ങളിൽ ചിതകൾ എരിയുന്നു
അലമുറയിട്ട് കരഞ്ഞ കുടുംബത്തിന്
മരണം എന്ന ജനിതകമാറ്റത്തിന്റെ
അവസാന ഭയം ജനിപ്പിച്ച ചിത
ഒരിക്കലും തന്നിലേക്ക് തിരിച്ചു വരാത്ത ചലനങ്ങളെ ഓർത്തുള്ള
അന്ധാളിപ്പിന്റെയും ദുഖങ്ങളുടെയും ഹൃദയ വർജ്ജകമായ ചിത
പ്രണയാതുരമായി കേട്ട സംഗീതം ഉറക്കുയും ഉണർത്തുകയും ചെയ്യുന്ന
ഇളം കാറ്റിന്റെ നനുത്ത കുളിരിനെ
നിശ്ചലമാക്കപ്പെട്ട ചിത
ഇനിയൊരിക്കലും തലോടലുകൾക്കും
ലാളനങ്ങൾക്കും പ്രിയപ്പെട്ടവർ ഇല്ല എന്നറിയുന്ന മനസ്സുകളിൽ ഉയർന്ന ചിത
കൂടെയുണ്ടാവും എന്നുറപ്പിച്ച പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകളുടെ ചിത
നെഞ്ചിൻകൂട്ടിൽ നിന്ന് പറന്നകലുന്ന
ജീവന്റെ അവസാന തുടിപ്പിന്റെ എരിയുന്ന ചിത
ഭൂഖണ്ഠങ്ങൾക്കുംഅകലെ എല്ലാം
അവസാനിപ്പിച്ചു എങ്ങോ മറഞ്ഞ
മരവിച്ച ഉറക്കച്ചടവിന്റെ അവസാന
ചിത
നക്ഷത്രങ്ങൾ തിളങ്ങുന്ന അന്ധകാരത്തിന്റെ യൗവ്വനം നിറഞ്ഞ
രാത്രികളിൽ കൊലക്കത്തികൾക്ക് ഇരയാകേണ്ടി വന്നവരുടെ സ്വപ്നങ്ങളുടെ ചിത
രാഷ്ട്രീയ വൈരങ്ങൾക്കപ്പുറത്തു സമാധാനത്തിന്റെ ഉടൽ ചീന്തിയെറിയപ്പെട്ട അശാന്തികളിലെ
നിഴലനക്കങ്ങളുടെ ചിത
അധികാരികൾ ഉച്ഛഭാഷിണികളിൽ കൂടി നൽകിയ മഹാമാരി മുന്നറിയിപ്പുകളിൽ
ജനഹൃദയങ്ങളേറ്റെടുത്ത നിർവ്യാജ രക്തത്തിന്റെ ചിത
ആരോഗ്യരക്ഷാ പ്രവർത്തനങ്ങളും
ധാന്യങ്ങളും ഭക്ഷണങ്ങളുമായി
മാറ്റി പാർപ്പിക്കപ്പെട്ടവരുടെ ഇടയിലേക്ക്
സാന്ത്വന സ്പർശങ്ങളായ സന്നദ്ധ സംഘങ്ങളുടെ ഉള്ളിലെരിഞ്ഞ ചിത
പ്രിയപ്പെട്ടവരുടെ അനാഥത്വത്തിന് മേൽ
നഷ്ടപ്പെട്ട ജീവനുകളുടെ മേൽ
സ്വപ്നങ്ങൾക്കുമേൽ
ചിത എരിയുകയാണ്
ചിത എരിയുകയാണ് .