ജാലകത്തിനരികിലെ ചാരുകസേരയിൽ
എൻ്റെ സ്വപ്നങ്ങൾ മയങ്ങുകയാണ്.
ഏതോ വിദൂര ഭൂതകാലത്തിൻ്റെ
നേർത്ത വിഷാദ രാഗം കേട്ട്...
ഷെല്ലിയും നെരൂദയും ജിബ്രാനും
ചില്ലലമാരയിൽ ചിതലരിച്ച് തുടങ്ങുമ്പോൾ,
എൻ്റെ മേശപ്പുറത്ത്
ഒരു കടലാസുതുണ്ട് പോലും ബാക്കിയുണ്ടായിരുന്നില്ല.
പാതി വഴിയിലെപ്പോഴോ മഷി തീർന്ന പേന
ചവറ്റുകുട്ടയിലിടം പിടിച്ചിരുന്നു.
മുഹമ്മദ് റഫിയും കിഷോർ കുമാറും
ഇപ്പോൾ എനിക്കു വേണ്ടി പാടാറില്ല.
ഏറ്റവും പ്രിയപ്പെട്ട ഗസലിൻ്റെ ഈണവും
ഞാൻ മറന്നു പോയിരുന്നു.
എൻ്റെ പൂന്തോട്ടത്തിൽ മാത്രം
വസന്തം വന്നിരുന്നില്ല.
അല്ല! ഋതുഭേദങ്ങൾ ഞാനറിഞ്ഞിരുന്നില്ല.
കാലചക്രം പിന്നെയും തിരിയുമ്പോൾ
ഓർമ്മകളുടെ തുരുത്തിൽ
ഞാൻ ഒറ്റപ്പെട്ട് പോയിരുന്നു.
പെയ്തു തോരുന്ന മഴ പോലെ
അലിഞ്ഞു തീരുന്ന പാട്ട് പോലെ
പിന്നീടെന്നോ
സ്മൃതികളും മാഞ്ഞു പോയിരുന്നു.
ഇരുണ്ട മൗനത്തിൻ്റെ പെരുമ്പറമുഴക്കം
എന്നെ അലോസരപ്പെടുത്തിയപ്പോൾ,
പൊടിപിടിച്ച ജാലകത്തിനരികിലെ ചാരുകസേരയിൽ ഒരിക്കൽക്കൂടി ഞാനിരുന്നു.
ഒരു ഞെട്ടലോടെ
അന്ന് ഞാനത് തിരിച്ചറിഞ്ഞു.
എൻ്റെ സ്വപ്നങ്ങൾ മരിച്ചു കഴിഞ്ഞിരുന്നു!