ഇംഗ്ലീഷുപീഡ സഹിയാതെ തപിച്ച, ഇന്ത്യൻ
ശീലത്വമൊക്കെവെടിഞ്ഞൂ ജന്മഭൂക്കു വേണ്ടി
കാരാഗൃഹമോ, കഴുവോ നിനയാതെ ധീരർ
പോരിന്നിറങ്ങി വാൾത്തല രാകിടും നാൾ.
ഇന്ദ്രപ്രസ്ഥത്തിൽ പുതു ശിബിരനിർമ്മിതിക്കായ്
ആട്ടി ത്തെളിച്ചുപോയ പട്ടാള ജാഥതന്നിൽ
പൊട്ടിത്തെറിച്ചൊരു ബോംബിന്റെ തീച്ചീളുതട്ടി,
ഭാഗ്യം, രക്ഷപെട്ടു പരദേശികൾ രണ്ടുപേർ.
ലക്ഷ്യം തെറ്റി ഗർജ്ജിച്ച ബോംബിൻ മുനയേറ്റുപോയ്,
ദില്ലിയിൽ ചാന്ദിനി ചൗക്കിൽ വൈസ്ട്രോയീഭൃത്യനിൽ.
അക്രമ സംഘാവിവേക കൃത്യങ്ങളിൽ, കഷ്ടം,
പെട്ടുപോകുന്നു സദാ പരജീവിജാലങ്ങൾ.
ഗാണ്ഡീവ ഞാണിൽ നിന്നമ്പുതിർന്നു പായുന്ന പോൽ
അന്വേഷണശരമാരി തറച്ചു പകച്ച
ഇന്ത്യ, കഠിന യാതന നടുവിലേകയായ്
ചുടുനിണമണിഞ്ഞന്നു വിറപൂണ്ടു നിന്നു.
ഞാൻ ബാൽമുകുന്ദിൻ പത്നിയാം രാംരഖിന്റെ പ്രേതം.
സ്വർഗ്ഗ ജാലകപ്പഴുതിലൂടിങ്ങു ഞാനെത്തി,
പ്രണനാഥന്റെ ഉച്ഛ്വാസ വായുവിലലിഞ്ഞ
വന്റെയീ ദു:ഖ സന്ദേശമേകി പ്പൊലിയുവാൻ .
ഏറേക്കറുത്ത, കറുത്തപക്ഷം വിടകൊണ്ട
രാവിൽ, കാർകൊണ്ടലിൽ നക്ഷത്ര ജാലം കെടുത്തി
ഏകാന്ത ശോകമായ് ഞാനീ ഭുവനാംബരത്തിൽ
തേങ്ങുന്നു മതികെട്ട നരഭാവ ചേഷ്ടകണ്ടു.
പേകൊണ്ട നായ കണക്കെ നാടുനീളെ അന്നാ
ബ്രിട്ടന്റെ കിങ്കരപ്പട ക്രൂരമാക്രമിച്ചു.
നെഞ്ചിൽ തെളിച്ച ദേശസ്നേഹത്തിരി കെടുത്തി.
ബീഡിക്കറപിടിച്ച പല്ലാൽ പരിഹസിച്ചു.
അസ്വാതന്ത്ര്യമോചന മന്ത്ര ജപശാലകൾ
തല്ലിക്കെടുത്തി കരിമ്പുക നിറച്ചു കൊണ്ടാ
ബൂട്ടിട്ട കാലുകൾ ചതച്ച പലകക്കുടി -
ലുതോറും പെണ്ണുങ്ങൾതൻ മാനമെറിഞ്ഞുടച്ചു.
പട്ടാളക്കൂട്ടം തോണ്ടി എടുത്ത ബോംബാൽ അന്നേ
അപരാധിയായെന്റ പ്രിയനാം പ്രാണനാഥൻ.
ഏതൊരു ഭീരുവിൻ ദഷ്ടകൃത്ത്യം?പുരയിട-
ത്തിൽ ആ ചതി ഒളിപ്പിച്ചതറിവീലെനിക്കും.
കൈവിലങ്ങിട്ടു കൊണ്ടുപോകേ ദയായാചന,
അന്തരീക്ഷത്തിലലിഞ്ഞുപോയ്, ഞാനനാഥയായ്.
കൊടിയമർദ്ദന സ്മരണതീണ്ടും നേരമെൻ -
പ്രാണനാഥൻ നടുങ്ങുന്നു നാകത്തിലിപ്പൊഴും.
തോക്കിൻതിരയിലും, കഴുമരത്തിലും പിന്നെ
പീരങ്കിമുനയിലും ചത്തടിഞ്ഞെത്രപേർ!
ആ ധീരജന്മമോഹശാഖകൾ പൂവിട്ടനാൾ
പരലോകവും ആനന്ദാതിരേകവേദിയായ്.
ഇന്നിതാ കരാള ദു:ഖലവണം കടഞ്ഞു,
സ്വാതന്ത്ര്യാമൃതം പങ്കിട്ടു വേർപെട്ടു നിൽക്കവേ,
സ്വർഗ ചക്രവാളത്തിൽ നിന്നാ രക്തസാക്ഷികൾ
കെട്ട വെണ്മതി കണ്ടു വ്യഥ തിന്നു തീർക്കുന്നു.
തോളിലേറിയ ചേറുഗന്ധം ഊട്ടിയന്തിയിൽ
മക്കളെ നെഞ്ചിലേറ്റി ഉറക്കുന്നു കർഷകർ.
അന്നത്തിനുമാത്രമേകുന്ന യന്ത്രശാലയിൽ
അന്യദാരിദ്ര്യാഗ്നിയിൽ വേകും തൊഴിലാളികൾ!
സാമ്പത്തികശാസ്ത്രചിന്ദകൻ നൽകിയ യുക്തി
കോഴയ്ക്കു ചെങ്കോലിൽതോണ്ടി ചപ്പിലുപേക്ഷിച്ചു ,
ആവശ്യത്തിനും അപ്പുറം നേടുന്നതൊക്കെയും
കൊള്ളമുതലെന്ന നിത്യതത്വം മറന്നവർ!
ആശിച്ച സ്വാതന്ത്ര്യമാർജ്ജിക്കുവാനായ് ഭാരതം
ആകാംഷയോടെ രാപ്പകലു തപം ചെയ്തകാലം!
ആശിച്ചതോ ഇത്?ആശിച്ചതൊക്കെയും ഊർന്നുപോയ്.
പാഴ് വേല ചെയ്ത ജന്മങ്ങൾ പ്രേതങ്ങൾ പോലെയായ്!
ഒന്നിച്ചുനിന്നു പടക്കളം പിടിച്ചെടുത്തു,
ഭിന്നിച്ചു മതനൗകകൾ പേറിപ്പിരിഞ്ഞുപോയ്.
എന്തിനേന്തണം നിങ്ങൾ പല മതഗ്രന്ഥങ്ങൾ
ഒന്നിച്ചിടാൻ സ്വാതന്ത്ര്യ ചരിത്രഗ്രന്ഥം മതി .
അന്നെന്റെ നാഥനെ തൂക്കിലേറ്റും പുലരിയിൽ
ധ്യാനിച്ചിരുന്നനാഥയായ് മോക്ഷലബ്ദിക്കു ഞാൻ.
കാലാരിതന്നെ ചേർത്തോരു ഞങ്ങളെ ഒടുവിൽ
മാരാരിതന്നെ ചേർത്തുവെച്ചാ മൃത്യൃനേരത്തും!
ഒന്നുണ്ടിനിപ്പറയാൻ ബാക്കി, വാൽപ്പുഴു കേറി-
ഭക്ഷിച്ച നിങ്ങൾതൻ നവദാമ്പത്യ സംസ്കൃതി.
താലിച്ചരടുകിടക്കെ ജാരസംഗ ഗർഭം
വാഴച്ചുവടു തോണ്ടി ഒരുത്തി മൂടീല്ലയോ?
പേകുന്നു ഞാൻ, ഏറേപ്പറയുന്നതില്ലൊന്നുമേ,
കാലം പൊറുത്തൊക്കെയും നയിക്കട്ടെ നിങ്ങളേ.
പൂർവ്വ ദിക്കിന്റെ ചില്ലകൾ പൂക്കുന്നതിൻ മുന്നേ
പോകുന്നു, ശ്രാദ്ധമുണ്ണുവാൻ പോലും വരില്ലിനി.