(Shaila Babu)
വാന വിതാനത്തി-
ലന്തിക്കതിരവൻ
കുങ്കുമ രേണുക്കൾ
വിതറിടുന്നു!
ഈറനണിഞ്ഞെത്തി
സന്ധ്യാ സുലോചന;
ആകാശപ്പൊയ്കയി-
ലുറ്റു നോക്കി!
ലജ്ജയിൽ മുങ്ങിയ
വദനാംബുജത്തിലെ,
തൂമന്ദഹാസത്തിൻ
പൊരുളറിയാൻ;
തേനലത്തെന്നലിൻ
വെഞ്ചാമരങ്ങളാൽ
മന്ദം തഴുകിത്തലോടി
നിന്നാൻ!
ഹർഷാരവങ്ങളാ-
ലാമ്പൽ മുകുളവും
വിലസിടാൻ, നാഥനെ
കാത്തിരിപ്പൂ....
ഓമന പ്രകൃതിയും
പുളകമണിഞ്ഞങ്ങു,
വരവേൽപ്പിനായി
ചമഞ്ഞിടുന്നു!
സിന്ദൂരക്കൂട്ടുകൾ
ചാലിച്ചു ചേർത്താരോ
ചിത്രം വരയ്ക്കുന്നു
വാനകത്തിൽ!
താലപ്പൊലിയുമായ്
കൗമുദിപ്പെണ്ണാളും
ചന്ദ്ര ഭഗവാനെ
വരവേറ്റിടാൻ!
ആകാശമീനുക-
ളോടിക്കളിക്കുന്നു
അമ്പിളിക്കലയും
തെളിഞ്ഞിടുന്നു!
കോവിലിലെരിയുന്ന
നിറദീപനാളങ്ങൾ
ഭഗവൽ പ്രസാദ-
വിഭൂതികളായ്!