(പൈലി.0.F തൃശൂർ)
അഞ്ജനമെഴുതിയ നീലമിഴികളിൽ,
അന്തിപൊൻവെട്ടം നിറഞ്ഞു.
ആരാരുമറിയാതെ നിന്നനുരാഗം,
മൂവന്തിയിൽ നീ മൊഴിഞ്ഞു.
പൂനിലാവിൻ ചാരുത നിന്നിൽ,
പത്മരാഗ പ്രഭവിടർത്തി.
പൂർണേന്ദുപോലും നാണിച്ചുനിന്നു,
കാതരയാം നിൻ കവിൾതടത്തിൽ.
കർണ്ണികാരം പൂത്തിറങ്ങി
നിൻ വെണ്ണിലാവു തോൽക്കുമുടലിൽ.
വൃശ്ചിക കാറ്റിൻ്റെയീണങ്ങളിൽ,
നിൻ ചെഞ്ചുണ്ടിൽ പ്രണയം വിടർന്നു.
മലർവാകപൂത്തു വിടർന്നയീസന്ധ്യയിൽ,
മനോഹരി നിന്നെ ഞാൻ കാത്തിരുന്നു.
അനുരാഗിണിയെന്നകതാരിൽ നീയൊരു,
പ്രണയപുഷ്പമായ് വിരിഞ്ഞു.
ആദ്യാനുരാഗത്തിൻ ആനന്ദനിർവൃതി,
ആദ്യസമാഗമത്തിൽ ഞാനറിഞ്ഞു.