തൊട്ടാവാടീ, നിനക്കീ പറമ്പിന്റെയതിര്
ഭേദിക്കുകിൽ, ആരേം ഭയക്കാനില്ല.
ചെങ്കൽ ഭിത്തിക്കപ്പുറം പടർന്ന്
പടർന്നേ പോകാം.
മൺവെട്ടിയുമായാരെങ്കിലും വരും വരെ.
ജനാധിപത്യമേ, നിനക്കോ...?
നിന്റെയതിരുകളിലേ കറുത്തവര
കൂടുതൽ കറുപ്പിച്ചിരിക്കുന്നു.
വടക്കേയറ്റത്തു അന്യായവും
തെക്കേയറ്റത്തു നിയമവും
അതിർത്തി കാക്കുന്നു.
പരിരക്ഷകളാൽ നീയാണ്
കൂടുതൽ സുരക്ഷിത.
തൊട്ടാവാടീ,
നീയെല്ലാരേം കുത്താറില്ല.
എല്ലാരേം മുന്നിൽ വാടാറുമില്ല.
വിചാരിച്ചാൽ കുത്തി -
നോവിക്കാൻ പറ്റുന്നിടത്ത്
വീറുറ്റ വഴികളും വീരകഥകളും
സ്വന്തമായുണ്ടെന്നഭിമാനിക്ക.
എന്റെയതിരുകളിൽ
ചെളിവെള്ളത്തിന്റേം
മീൻ മുള്ളിന്റേം
പ്ലാസ്റ്റിക് കത്തിയതിന്റേം
ചത്തയെലീന്റേം
രാത്രി പൊട്ടിയ കുപ്പീന്റേം
നാറ്റമേയുള്ളു.
നിന്റെയതിരിലോ.....?
അറിയാതെ വീണ പെല്ലറ്റ്
തല്ലിക്കൊന്ന മാംസം
പിളർത്തിയെറിഞ്ഞ പൈതൃകം
ഇരുമ്പ് കട്ടയുടെ കനം
ട്രാക്ടർ കയറിയ വിത്ത്
എല്ലാം വല്ലാതെ നാറുന്നു.
തൊടുമ്പോഴേക്കും വാടുന്നവ -
ളെന്ന പഴികേട്ട് മടുത്തു ,
ഞാനിനി മറുചോദ്യമെറിയട്ടെ?
തൊട്ടാൽ വാടുമെന്നറിഞ്ഞിട്ടു -
മെന്നെ തൊടാൻ വെമ്പുന്ന
തെന്തിനേ നിരന്തരം?
വാടിപ്പോയിടത്ത്
തലയുയർത്താൻ നിനക്ക്
ശരീരം മുഴുക്കെ
പ്രതിരോധമുണ്ടെന്നാണ്
ഓർമിപ്പിക്കാനുള്ളത്.