ഒന്നും ഒന്നും രണ്ട്
രണ്ടും രണ്ടും നാല്
നാല് പത്ത് നാൽപ്പത്
നാനൂറ് , നാലായിരം
തുള്ളികൾ ചേർന്നൊരരുവി
അവ ചേർന്നൊരു തോട്
തോടൊന്നായ് പുഴ
മലകളൊക്കെയും കാർന്ന്
സ്നേഹ സമതലമുണ്ടാക്കുന്ന.
പുഴകൾ.
പുഴകളങ്ങനെ പറന്ന്പൊങ്ങി കാറ്റാവുന്നു.
കാറ്റ് കൊടുങ്കാറ്റാവുന്നു.
കൊടുങ്കാറ്റൊരു കനലൂതി കാട്ടുതീയാകുന്നു.
ഉയർന്ന് നിന്നതൊക്കെയും തകർന്നമർന്നൊരു സ്നേഹ സമതലമുണ്ടാവാൻ തുടങ്ങുന്നു.
ന്യൂയോർക്കിലെ അംബരചുംബികളും മെക്സിക്കൻ ചേരിയിലെ കുടിലുകളും
നടുവിലെ മതിലും
കണ്ണീർ വാർത്ത്
മണ്ണോട് ചേർന്നൊരേ നിരപ്പിലാകുന്നു.
ബ്രിട്ടീഷ് പടക്കപ്പൽ തലവൻ
സോമാലിയൻ കടൽ കൊള്ളക്കാരോടൊപ്പം
നൃത്തം ചവിട്ടുന്നു.
അമേരിക്കയും അഫ്ഘാനിസ്താനും
ഇന്ത്യയും ഇന്തോനേഷ്യയും
ഇറ്റലിയും ഇറാനും
ബ്രസീലും ഓസ്ത്രലിയയും
റഷ്യയും റുവണ്ടായും
ചൈനയും ക്യൂബയും
ജപ്പാനും സൗദിയും
ലോക രാജ്യങ്ങൾ ഒക്കെയും.
ഒരേ പായിൽ കിടന്നുറങ്ങുന്നു.
സമതലത്തിന് ഒത്ത നടുവിൽ.
സർവ്വ ലോക മതങ്ങളും
തുണിയഴിച്ചു വച്ച് സ്വയംഭോഗം ചെയ്യുന്നു.
ഉള്ളവർ ചിലതൊക്കെ ഇല്ലെല്ലോ എന്ന ഇല്ലായ്മയറിയുന്നു.
ഇല്ലാത്തവർ ചിലതൊക്കെ ഉണ്ടല്ലോ എന്ന ഉണ്ടാകലറിയുന്നു.
അപ്പലേച്യൻ മലനിരകൾ അറ്ലാന്റിക്കിലേക്ക് അലിഞ്ഞു ചേരുന്നു.
ആൽപ്സ് മെഡിറ്ററേനിയനും കടന്ന് ആഫ്രിക്കയിലേക്ക് പോകുന്നു.
ഭൂമിയൊരു സമതലമായി വരുമ്പോഴേക്കും.
പുഴകൾക്ക് ഒഴുക്ക് നഷ്ടപ്പെടുന്നു.
ഒഴുക്ക് നഷ്ടപ്പെട്ട പുഴകൾ
മരിച്ചു വീഴുന്നു.
സ്നേഹ സമതലം വിണ്ടു കീറുന്നു.
നിറം , വർഗ്ഗം , ജാതി , മതം
നാട് , പണം , ഭാഷ, ലിംഗം.
വൈവിധ്യങ്ങൾ തിളച്ചുമറിയുകയും
സമതലത്തിൽ ഒത്തു ചേർന്ന
മനുഷ്യ മനസിലെ ശിലാപാളികൾ പൊട്ടി പിളർന്നകന്ന് കൂട്ടിയിടിടിച്ചു
വീണ്ടുമുയർച്ചയും താഴ്ചയും ഉണ്ടാകുന്നു.
വലുതും ചെറുതും ഉണ്ടാകുന്നു.
ഉള്ളവൻ ഇല്ലായ്‌മ മറന്നുടമയാകുന്നു
ഇല്ലാത്തവനുള്ളത് മറന്നടിമയാകുന്നു.
മനുഷ്യൻ മൃഗമായിരിക്കുന്ന കാലത്തോളം
ഭൂമിക്ക് സമതലമാകുവാൻ കഴിയില്ലത്രേ.