ചിറകറ്റ പക്ഷി
ആകാശത്തിന്റെ ഉയരങ്ങള്‍ കൊതിച്ചു.
തുഴ പോയ തോണി
പുതിയ തീരങ്ങള്‍ തേടി.
വിരലില്ലാത്ത ചിത്രകാരന്‍
പിന്നെയും ചായക്കൂട്ടുകള്‍ മോഹിച്ചു.
പ്ലാസ്റ്റിക് പൂക്കള്‍ക്കിടയില്‍
ചിത്രശലഭത്തെ തിരഞ്ഞ കുട്ടിയെ കണ്ട്
ചിരിച്ച ഞാന്‍
പകലുറക്കത്തില്‍ സൂര്യനെ സ്വപ്നം കണ്ടു.
നിലാവുള്ള രാത്രികളില്‍
അടച്ചിട്ട മുറിയിലെ മെഴുകുതിരി വെളിച്ചത്തില്‍
ഉറങ്ങാതെ തനിച്ചിരുന്നു.
എന്നെ വേട്ടയാടിയിരുന്നത്
ആ ഇടയ ബാലനായിരുന്നു.
സ്വപ്നം കണ്ട നിധി തേടിപ്പോയ സാന്റിയാഗോ!
പിന്നെയെപ്പോഴോ
ഞാനും തിരിച്ചു നടന്നു.
നഷ്ടപ്പെട്ടതെന്തോ തിരഞ്ഞ്...