(Rajendran Thriveni)
(ഭൂട്ടാനിലെ 'ഹാ' താഴ്വരയും 'പാറോ'- താഴ്വരയുംവേർതിരിക്കുന്ന പർവ്വത നിരയിലെ ചുരമാണ് 'ഷിലൈല')
സമുദ്ര നിരപ്പിൽ നിന്നും പതിനയ്യായിരം
അടി മുകളിൽ തനിച്ചു നില്ക്കുമ്പോൾ,
കാറ്റിന്റെ ചൂളം വിളികളിൽ
ഞാൻ ബന്ധിതനാവുന്നു.
മേഘപാളികളുടെ തിരതല്ലലിൽ
ഞാനന്ധനാവുന്നു.
നിശ്ശബ്ദതയുടെ അഗാധതയിൽ
ഞാൻ മൂകനാവുന്നു!
മൂകമായി ഞാൻ വിളിച്ചു പറയുന്നു,
അഹംബോധത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ച്!
എന്റെ ബധിരതയിൽ ഞാൻ കേൾക്കുന്നു
തിരാപഥങ്ങളൂടെ ഇരമ്പലുകൾ!
എന്റെ അന്ധതയിൽ ഞാൻ കാണുന്നു
മഹാവിസ്ഫോടനത്തിന്റെ തീപ്പൊരികൾ!
ഉയരങ്ങളിൽ ഞാനലിയുന്നു.
ശൂന്യതയുടെ ചുഴികളിൽ
വലിച്ചു താഴ്ത്തപ്പെടുന്നു.
അവിടെ,
നിർവികാരതയുടെ ആദി തമസ്സ്!