വേഗജീവിത രഥം തകർന്നു പോയ്,
വീണു ഞാൻ നിസ്സഹായനായൂഴിയിൽ.
ശാന്തിതീരമണയുവാനീ യാത്രയിൽ ചൂടിയല്ലോ
പതിർക്കുല എൻ പ്രദോഷസന്ധ്യകൾ.
അതൃപ്തജീവിത കരാളഹസ്തങ്ങളിൽനിന്നു
കുതറിയോടിയ യൗവനപ്പുലരിയിൽ,
മനസുഖം വെടിഞ്ഞു സമ്പന്നജീവിതം
വെട്ടിനേടി വിശ്രമിയ്ക്കാനലഞ്ഞവനാണു ഞാൻ.
പിന്നിട്ട വഴിയിൽ തകർന്ന സ്വപ്നത്തിന്റെ
ചില്ലുകൾ പാളി എൻ ഹൃത്തടം കീറവേ,
ഒരു മഹാപ്രതിജ്ഞയെ ലംഘിച്ച ശാപവും
നിന്റെ മിന്നിൽ നിന്നുവീഴുന്നു നെറുകയിൽ.
ഉടലിന്റെ രാസപ്രവർത്തനംകൊണ്ടത്രേ
പിറന്നു നമുക്കു സന്തതി രണ്ടു പേർ.
മൃത്യുലോകത്തിലെ ആർത്തദിനങ്ങളിൽ
ബലിച്ചോറുരുട്ടി നമുക്കേകുവാനുതകുമോ?
പകൽക്കിനാക്കൾതൻ ദുർമരണം കണ്ടുനിൻ
വീർപ്പിൻ മുനകൊള്ളുന്ന നോവിലും,
പറയാതെ നാവിൽ മരിച്ചൊരാസാന്ത്വനം,
"കാത്തിരിക്കൂ സഖീ,ദൂരെയല്ലാതുണ്ടു സന്തുഷ്ട ജീവിതം".
പ്രണയകാലങ്ങിൽ പങ്കിട്ട സ്വപ്നങ്ങൾ മാതിരി
എങ്ങനെ ജീവിതം പങ്കുവച്ചുല്ലസിക്കും സഖീ ?
സ്വസ്ഥചിത്തത്തിനീ വാണിഭശാലയിൽ
മുന്തിയവില അല്ലയോ പ്രണയിനീ!
വിദ്യവില്പനശാലയിൽ മക്കൾക്കു വേണ്ടി നാം
ജന്മസമ്പാദ്യം വ്യയം ചെയ്യേണ്ടതില്ലയോ?
ജീർണിച്ച കൂര പൊളിച്ചു മക്കൾക്കൊരു
പുത്തൻ ഭവനമൊരുക്കി കൊടുക്കേണ്ടയോ?
നാലുപേർകാൺകെ മാനമായ് മക്കളെ
മിന്നണിയിച്ചുവിടേണ്ടേ പ്രിയതമേ,അവരുടെ
ഭർതൃസങ്കല്പാനുരൂപവരൻമാരെ
തേടിപ്പിടിച്ചു വിലയ്ക്കു വാങ്ങേണ്ടയോ?
നമ്മൾതാണ്ടുന്നു കനൽ വഴി,മക്കൾതൻ
നടപ്പാതയിൽ പൂമെത്തവിരിച്ചിടാൻ,
നമ്മൾകണ്ട സ്വപ്നത്തിലെന്നപോൽ
ഒരുദിനമെങ്കിലും ജീവിച്ചു മടങ്ങുവാൻ.
ലളിതജീതാനുരാഗിയാം പ്രിയതമേ പൊറുക്കുക,
നിന്നേ നിരസിച്ച പാപത്തിലെന്നോടു നീ.
കാളിന്ദിയോരത്തെ നീലക്കടമ്പുപോൽ
കലുഷകല്ലോലങ്ങൾ ചെറുത്തു നിന്നവളാണു നീ.
ഈ വ്യർത്ഥജീവിതച്ചൂടേറ്റു വാടിയ നിൻമുഖം
ചേർത്തു വെച്ചെന്റെ തോളിൽ, എന്നരുകിൽ
ചേർന്നിരുന്നങ്ങു ദൂരേയ്ക്കു നോക്കൂ ,കാൺമതില്ലേ
മേഘജാലങ്ങളിൽ ഒരു താരകം നീ സഖീ .
മുകളിലാകാശവീഥിയിൽ , നമ്മൾതൻ
നെറുകയിൽ രശ്മി നീട്ടി ചുംമ്പിക്കുവാൻ
വന്നുദിച്ചിടും ഒരുദിനം, ദൂരചക്രവാളത്തിൽ
മങ്ങി മിന്നുമാ പൊൻതാരകം,സഖീ.