അമ്മേ, നിനക്കായി തേങ്ങുന്നു ഞാൻ,
നിൻ പുത്രിതൻ നോവിൽ പിടയുന്നു ഞാൻ.
കുരുതിക്കളങ്ങളിൽ വീണൊരാ കണ്ണീരിൽ,
മൃതിയടഞ്ഞതെത്രയോ മാനസങ്ങൾ.
മാടുപോൽ നിന്നെ നടത്തിയോരാരും
നരനായി മണ്ണിൽ പിറന്നവരല്ല.
നിന്നിലെ രക്തം മോന്തി രസിച്ചവർ,
അമ്മതൻ പൊരുളറിവുള്ളോരല്ല.
ജാതിതൻ മേലാട നേടുവാനായ് ചിലർ,
കാടിന്റെ മക്കളെ മണ്ണിൽ താഴ്ത്തുന്നു.
മാനം കവർന്നും മാംസം രുചിച്ചും
നാടിന്റെ ചന്തം മായ്ക്കുന്ന കൂട്ടരിവർ.
നാടിനു ഭൂഷണമല്ലാത്ത ചെയ്തികൾ,
പ്രാണനു ദോഷമായ്ത്തീർന്നിടുന്നു!
മൗനത്തിൻ ജാലകം തല്ലിയുടയ്ക്കുവിൻ,
ശബ്ദമെറിഞ്ഞു നിൻ ശക്തിയെ കാട്ടുവിൻ.