തിരഞ്ഞടുക്കപ്പെടുന്നവരുടെ കൂടെ
എന്നും എപ്പോഴും
ഭാഗ്യവും നിര്‍ഭാഗ്യവുമുണ്ട്.
അവര്‍ സ്ഥാനാര്‍ത്ഥികളോ
അപേക്ഷരോ അല്ല.
ചിലരെ അതിവേഗത്തില്‍.
മറ്റു ചിലരെ അവധാനതയോടെ
മാനദണ്ഡങ്ങളും സമയവും
അജ്ഞാതവും അസാധാരണവുമാണ്
തലമുറകളായിതു തുടരുന്നു.
തിരഞ്ഞെടുപ്പുകളുടെ നിര്‍ണ്ണയം
ഏകപക്ഷീയമാണ്.
സംവാദങ്ങളോ പ്രതിഷേധമോ
ചോദ്യമോ ഉത്തരമോ ഇല്ലാത്ത
വിധിനിര്‍ണ്ണയങ്ങളാണവ.
കാത്തിരിപ്പുകള്‍ക്കും തീരെ പ്രസക്തിയില്ല
ഒരു യുദ്ധത്തിന്റെ, മഹാമാരിയുടെ
പ്രക്യതിദുരന്തങ്ങളുടെ, നടുവിലൂടെ
മനസ്സ് മരവിക്കുന്ന നേര്‍കാഴ്ചകളായതു പ്രകടമാകുന്നു.
ഒരു പക്ഷേ കുളിര്‍മഞ്ഞിനിടയിലൂടെയുള്ള
പ്രഭാതസവാരിക്കിടയിലാകാം
ക്യത്യാന്തരബാഹുല്യങ്ങള്‍ക്കിടയിലെ
വിശ്രമവേളയിലാകാം.
മദ്ധ്യാഹ്നമയക്കത്തിനിടയിലോ,
കോരിച്ചൊരിയുന്ന
മിഥുനമാസമഴക്കാലരാത്രിയിലോ,
ക്ഷണിക്കപ്പെടാത്ത അതിഥിയായ്
നിങ്ങളെയയതു തേടിയെത്തുന്നു.
മുന്‍കൂട്ടിയറിയാന്‍ വിധിക്കപ്പെട്ട
അന്തര്‍ജ്ഞാനവും അവബോധവും
നേടിയവരൊഴികെ,
എല്ലാവരും ഒരുനിമിഷമെങ്കിലും
രംഗബോധമില്ലെന്ന് പേരെടുത്ത
അനിഷേധ്യസത്യത്തിന് മുന്‍പില്‍
എല്ലാം മറന്ന് നിശ്ശബ്ദരാകുന്നു.
താന്താങ്ങളുടെ ഊഴങ്ങളെക്കുറിച്ച്
ബോധവാന്‍മാരാകുന്നു.
അപ്പോഴും സദാസര്‍വ്വം സുരക്ഷിതമെന്ന
സ്വപ്നവലയത്തില്‍ സ്വയം
കണ്ണടച്ചിരുട്ടാക്കിയവര്‍
വിഹരിച്ചുകൊണ്ടിരിക്കുന്നു
അപ്രതീക്ഷിതമായി ചിറക് കരിഞ്ഞ്
അന്തമില്ലാത്ത ഭൗതികമോഹങ്ങളില്‍ നിന്നും,
താന്‍പോരിമയില്‍ നിന്നും
ഈയാം പാറ്റകളെ പ്പോലെ
നിലം പതിച്ചൊടുങ്ങുന്നവര്‍.