ഒരു പകൽകൂടി രൗദ്രവേഷം കെട്ടി
ആടി അന്തിപ്പടിയോടടുക്കവേ,
ഒരു വയോധിക കൂടി വന്നടിയുന്നു, വൃദ്ധ
മന്ദിരത്തിലെ പാഴ്കിനാക്കളിൽ മൂകം.
കൊച്ചു മക്കളെ ലാളിച്ചു, മക്കൾതൻ
ഇമ്പമാർന്ന ദാമ്പത്യ ജീവിതം ഒട്ടുകണ്ടു
കുളിർത്ത മനവുമായ്,ഇക്ഷിതിയിലീശൻ
പതിച്ചുനൽകിയ ആയുസ്സെത്തിക്കുവാൻ,
ആവതറ്റനാളിൽ വിടർന്ന കൊച്ചു പുഷ്പങ്ങൾ
ആകേക്കരിഞ്ഞ കണ്ണുമായ് എത്തി നീ,
പകയ്ക്കുന്നു ഞാൻ, ചോലമരക്കീഴിൽ,
ഈ പർണശാലതൻ അതിരിലേകനായ്...
ജന്മമത്രയും തിളച്ചൂറി ബാക്കിയാം ജഠരത
ഇട്ടുപേകുവാൻ മുൻപേ നടക്കുന്ന വെമ്പലിൻ
പിന്നിലെ തളർന്ന കാൽവെയ്പ്പുകൾ കാണവേ,
ഉള്ളിനുള്ളിലറിയാതുയരുന്ന രോധനം
ശ്വാസം മുട്ടിമരിക്കുന്നു തൊണ്ടയിൽ.
നിന്റെ മെയ്ഭാഷ വായിച്ചു നിൽക്കവേ
ചാമ്പൽ നീങ്ങി തെളിയുന്നു പ്രജ്ഞയിൽ
കനലുപോൽ, നമ്മൾ പങ്കിട്ട സായന്തനങ്ങളും,
നമ്മൾ തുഴയാൻ കൊതിച്ചോരനഘ ജന്മങ്ങളും,
നമ്മളേ പാരിൽ ബന്ധിച്ച പ്രണയനൂലിഴകളും...
പലമതസാരവുമേകമെന്ന ഗരുവചനം
അലയൊതിക്കി അലയാഴിയും കേട്ടനാൾ,
സകലരും സമമെന്ന തെളിമയിൽ
പ്രണയബദ്ധരായ് സ്വയമറിയാതെ നാം.
മതവിഷബാധതൻ മറനഖങ്ങൾ
നൽകിയ മുറിവുമായ്,പ്രണയ വിജയം
വെടിഞ്ഞു,കരളുനീറി ഒടുവിൽപ്പിരിഞ്ഞു നാം.
നവയുഗത്തിലും മനുഷ്യചേതന
മുറിപ്പെടുന്നുണ്ടതിൻ നഖമൂച്ചയിൽ സഖീ.
നരദീക്ഷയിൽ പൂണ്ടിരിക്കുമീമുഖം ,
നിന്നെ ഓർമ്മപ്പെടുത്താതിരിക്കിലും,
ദു:ഖജന്മത്തിൻ കടുംകൈപ്പിലും മധുകണം
പോൽ നുണയുന്നു മധുരമല്ലാത്തെരാ
പ്രണയസ്മരണയീ സായന്തനത്തിലും.
തിരിച്ചുപോകുന്നു നിന്നേക്കൊണ്ടിറക്കി
വിട്ടൊരാശകടം, അതിന്റെ പിൻദീപ ചെമപ്പിൽ
മിഴികൊരുത്തു പൊഴിക്കുമശ്രുവാൽ
മുദ്രവച്ചൊഴികയാണു നീ വകശമവരുടെ.
പ്രണയകാലം പോലെ നമ്മളിരുവരും
സമദു:ഖിതർ സഖീ, അന്ത്യകാലത്തിലും.
പണ്ടുവയോധിതർ സ്വയമാചരിച്ചപോൽ
വരിച്ചിടാം നവയുഗത്തിലീ വാനപ്രസ്ഥം സഖീ.