(Neelakantan Mahadevan)
യുദ്ധങ്ങളെന്നും വിതയ്ക്കുന്നു മണ്ണിൽ
ഭീതിയും തീരാദുരിതങ്ങളും
ആയിരമായിരം ചത്തുവീഴുന്നു
തോരാചോരപ്പുഴകളൊഴുകുന്നു!
ജേതാവില്ല പരാജിതനുമില്ല
ജീവിതം തുലഞ്ഞവർ മാത്രമല്ലോ
ദാരിദ്ര്യം പരന്നിടും ലോകമെങ്ങും
തീരാവ്യാധികൾ കവരും ജീവിതം!
ആയുധപ്പുരയ്ക്കു വ്യാപ്തി കൂട്ടുവോർ
ആരെയും കൊല്ലാൻ മടിക്കാത്ത ദുഷ്ടർ
കൊന്നുതള്ളിയും കുന്നുകൂട്ടും പണം
എന്നുമിതു യുദ്ധത്തിൻ ബാക്കിപത്രം!
കുരുക്ഷേത്രയുദ്ധത്തിൻ കാലമല്ല
അമ്പും വില്ലും ഗദയുമല്ലായുധം
വമ്പെഴും മല്ലയുദ്ധക്കാരുമല്ല!
ആണവായുധമില്ലാത്ത രാജ്യങ്ങ-
ളെണ്ണത്തിൽക്കുറവെന്നതറിയണം
വൻകക്ഷിയും തോറ്റുതുന്നംപാടു , -
മോർക്കണമാണവയുദ്ധം വന്നെന്നാൽ!
യുദ്ധക്കൊതിയൻമാരറിയുന്നുവോ
യുദ്ധങ്ങൾ വിതയ്ക്കുന്ന ദുരന്തങ്ങൾ
ആവുമോ മർത്ത്യർക്കു താങ്ങുവാനിനി
ഭൂലോകം തകർക്കുന്ന ലോകയുദ്ധം?