വീണ്ടും അതേ നഗരം.
പരിചിതമായ മഞ്ഞ നിയോണ്‍ വെളിച്ചം.
മന്ദമാരുതനെന്തോ പറയുന്നു
മഞ്ഞു കാലം ആഗതമായിരിക്കുന്നു
എന്നാണെന്നെനിക്കു തോന്നുന്നു
എനിക്കിവിടെ
ഒാര്‍മ്മകളൊന്നും തന്നെയില്ല
അവയെല്ലാം മറ്റൊരിടത്തേക്ക്
ഞാന്‍ തന്നെ
കൂടെ ക്കൊണ്ടു പോയതാണല്ലോ.
എങ്കിലും ഒരു ചിത്രം മാത്രം
മനസ്സില്‍ മെല്ലെ തെളിയുന്നു
ഒരു സിനിമാരംഗം പോലെ
മിന്നിമായുന്ന ആ ദ്യശ്യം
ഞാനിപ്പോള്‍ തിരിച്ചറിയുന്നു.
മൂടല്‍മഞ്ഞ് വ്യാപിക്കുന്നു
വശങ്ങളിലെ കോണ്‍ക്രീറ്റ് നടപ്പാതകള്‍
നടന്നു പോകുന്ന ആളുകള്‍, എല്ലാം
കാഴ്ചയില്‍ നിന്നകന്നു മറയുന്നു
ഒരു മഞ്ഞുകാല രാത്രി പോലെ
മങ്ങി വിളറിയ പ്രകാശമാണിപ്പൊള്‍
നിങ്ങളുടെ മുഖത്തിന്റെ
പ്രതിഛായ ഇപ്പോള്‍ കാറിന്റെ
ഉയര്‍ന്നടയുന്ന വിന്‍ഡോഗ്ളാസ്സില്‍
മാത്രം തെളിഞ്ഞു കാണാം
ഈ നഗരവും അതിലെ
വഴിയോര കാഴ്ചകളും
നിങ്ങള്‍ക്ക് മുന്‍പില്‍ അടയ്ക്കപ്പെടുന്നൂ.
ഈ പുതു ജീവിതത്തിന്റെ കവലയില്‍
കാല്‍നടക്കാര്‍ക്ക് ക്രോസ് ചെയ്യാനുള്ള
ട്രാഫിക് സിഗ്നലിനു മുന്‍പില്‍
ഇതികര്‍ത്തവ്യാമൂഢയായി
ഞാനിപ്പോള്‍ പകച്ചു നില്‍ക്കുകയാണ്.
ഓര്‍മ്മയില്‍ അതിശക്തവും
ദൂരൂഹവുമായ ഒരു നൊമ്പരം.
അതിന്‍ടെ യാഥാര്‍ത്ഥ്യം
സൂചിമുന പോലെ
മനസ്സിനെ കുത്തിനോവിക്കുന്നു.
നിങ്ങളെല്ലാവരെയും പിരിഞ്ഞ്
ഞാന്‍ മറ്റൊരിടത്തേക്ക്..
ഒരു പുരുഷനിലേക്ക്
അപരിചിതമായ ചുറ്റുപാടുകളിലേക്ക്
പറിച്ചു മാറ്റപ്പെടുകയാണ്.
വിന്‍ഡോ ഗ്ളാസ് അടഞ്ഞിരിക്കുന്നു.
കാര്‍ അതിവേഗം മുന്നോട്ടു കുതിച്ചു പായുന്നു
പിന്നില്‍ യാത്രഅയപ്പിന്‍ടെ
ആരവങ്ങള്‍ മുഴങ്ങുന്നു.
മെല്ലെയതും നിലച്ചു നിശ്ശബ്ദമാകുന്നു.