ഒരു തോണിയാത്രയില്‍
പുഴയിൽ
മുങ്ങിപോയവരുടെ
കൂട്ടത്തില്‍
ഞാനുമുണ്ടായിരുന്നു
മരിച്ചതറിഞ്ഞ്
സ്വന്തക്കാരും ബന്ധുക്കളും
കൂട്ടുകാരും
വഴിപോക്കര്‍ വരെ
വന്നുകണ്ടു
ശവത്തിനുമേലെ
ഒരുപാടു പൂക്കളങ്ങള്‍ തീര്‍ത്തു
നെയ്യിലും ചന്ദനമുട്ടിയിലും
ചിതയിലെരിയുന്നത്
പരലോകയാത്രയില്‍
ഞാന്‍ കണ്ടു
ഭൂമിയിലെ നൂറുവര്‍ഷങ്ങളായിരുന്നു
പരലോകത്തെ ഒരുദിവസം
പരലോകവാസം സുന്ദരം
പരദൂഷണമോ പൊങ്ങച്ചമോ
അസൂയയോ അഹങ്കാരമോ
അത്യാര്‍ത്തിയോ ഇല്ലാത്ത ലോകം
പരലോകത്തെത്തി പത്തുദിവസം
ആഘോഷിച്ചപ്പോഴാണ്
രണ്ടാം ജന്മം ആയെന്ന്
അരുളപ്പാടുണ്ടായത്
എനിക്കു പുനര്‍ജന്മം വേണ്ടായിരുന്നു
എന്നാല്‍
അതൊഴിവാക്കാനാവാത്ത
ഒരു വസ്തുതയാണത്രെ!
രണ്ടാം വരവില്‍ ഞാന്‍
ഭൂമിയിലെ നരകം കണ്ടു
അത്യാര്‍ത്തി അസൂയ
കുടിലത കലഹം
അഭയം കൊടുത്തവന്‍റെ
വെട്ടേറ്റാണ്
രണ്ടാമത്
ഞാന്‍ മരിച്ചത്
ആരുമറിയാതെ
കുഴിച്ചുമൂടിയ ശവം
ഉറുമ്പുകളും പുഴുക്കളും
ആഹാരമാക്കി
പരലോകയാത്രയില്‍ ഞാന്‍ കണ്ടത്
ഞെട്ടിക്കുന്നവ
എന്‍റെ മരണമാഘോഷിക്കുന്നത്
എനിക്കു പ്രിയപ്പെട്ടവരായിരുന്നു
പരലോകത്ത്
ഒമ്പതാം ദിവസം
ആഘോഷത്തിലാണ്
ഇപ്പോൾ
പത്തു ദിവസം പിന്നിട്ടാല്‍
മൂന്നാമതും
ജനിക്കണമെന്നാണ്
അരുളപ്പാട്
മൂന്നാം ജന്മം
അതിനിയെത്രമേല്‍
കഠിനമായിരിക്കാം?