ഒന്നല്ല, രണ്ടല്ല, പത്തു നൂറായിരം
മുഖമില്ലാ ജന്മങ്ങൾ നമ്മുടെ ചുറ്റിലും!
സ്വന്തം മുഖത്തിനെ പണയപ്പെടുത്തിയോർ,
സ്വന്തം മുഖത്തിനെ, മുഖപുസ്തകത്തിലെ
ചാറ്റിനും ലൈക്കിനും അടിമപ്പെടുത്തിയോർ;
വേറെ മുഖം തേടി ചുറ്റിക്കറങ്ങുവോർ!
ലങ്കാധിപനായ രാവണനെപ്പോഴും
പത്തു തലകളിൽ പത്തു മുഖം മാത്രം;
ഇന്നു നാം കാണുന്ന മർത്ത്യരിലൊക്കയും
ഒറ്റത്തലയതിൽ നൂറു മുഖങ്ങളും!
സൈബറിടത്തിലെ കൃത്രിമപ്പൊയ്മുഖം
കാട്ടി, പ്രശസ്തിയെ മോഹിച്ചിരിപ്പവർ,
പൊയ്മുഖക്കൂട്ടത്തിൽ സ്വന്തം മുഖത്തിനെ
ഏതെന്നറിയുവാൻ കഷ്ടപ്പെടുന്നവർ!
മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡറിൻ
ബന്ധനപ്പൂട്ടിൽ മയങ്ങിക്കിടപ്പവർ!
നഷ്ടമായിട്ടുണ്ടു കാലപ്രവാഹത്തിൽ
സ്വന്തം മുഖത്തിന്റെ സ്വതസ്സിദ്ധ ഛായകൾ!