ഹിമത്തൊപ്പിയണിഞ്ഞ മലമടക്കുകളില്‍
ഇല കൊഴിക്കും മരങ്ങള്‍ക്കിടയിലൂടെ
ഒരു വിജനപാത.
ഋതുഭേദത്തിന്‍ കാല്‍പ്പനികഭാവം.
ഏതോ പക്ഷിച്ചുണ്ടിൽ നിന്നുർതിന്നുവീണ
വിത്തിപ്പോൾ, മുയലിൻകാലുകളുമായ്
അതിവേഗം പായും ഹിമക്കാറ്റിനെ
ഭയപ്പെടുന്ന ചെറുവനമാണ്
ശിശിരകാലമദ്ധ്യത്തി ൻ മൂകതയിൽ
മഞ്ഞയും ചുവപ്പും ഇലകൾ
പൊഴിക്കുന്ന മരങ്ങളിപ്പോള്‍
ഒരു നീണ്ട അലസനിദ്രയിലാണ്.
മഞ്ഞില്‍ കുതിര്‍ന്ന അവരുടെ
സ്വപ്നങ്ങള്‍ ,പക്ഷിച്ചിറകുകള്‍
കടം വാങ്ങി പറന്നുയരുന്നു
വസന്താകാശത്തിലെ
നിലാവിന്‍ തെളിമയില്‍
പെയ്തിറങ്ങിയ നക്ഷത്രപ്പൂക്കളെയും
ഇലച്ചാര്‍ത്തുകളിലൂടരിച്ചിറങ്ങുന്ന
പൊന്‍വെയിലിന്‍ പുലരികളെയും തേടുന്നു.
തല കുനിച്ച് ധ്യാനനിമീലിതരായി
താഴ്വരയില്‍ മേയുന്ന മ്യഗങ്ങള്‍.
മൈതാനങ്ങളിലെ കൊച്ചുകൂരകളില്‍
തണുത്ത് മരവിച്ച സായാഹ്നങ്ങളില്‍
ഒരു ചായക്കപ്പിനു പുറകില്‍
മൗനം പങ്കിടുന്നവര്‍..
മാനത്ത് നിന്നും പഞ്ഞിത്തുണ്ടുകളായ്
പൊഴിയുന്ന മഞ്ഞ് ധൂളികളില്‍
വര്‍ണ്ണക്കുടകളുമായ് നീങ്ങുന്നവരുടെ
നിഴല്‍ച്ചിത്രങ്ങള്‍
ഒരു നീണ്ടശിശിരകാലദിനത്തിന്‍
അഗാധമൗനം പോല്‍,
മേഘനിരകള്‍ക്കിടയില്‍
ചെറുപുഞ്ചിരിയായ് വീണ്ടും
ഉദിക്കുന്ന മങ്ങിയ സൂര്യവെളിച്ചം