നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിലെ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് അയാളെ കണ്ടത്
നര ബാധിച്ച താടിയും മുടിയും
കറുത്ത ഫ്രെയിമുള്ള കണ്ണട
കഞ്ഞിപ്പശയിൽ ഉണക്കിയെടുത്ത ഖദർ മുണ്ട്
പോക്കറ്റിലൊരു പേന
തിളങ്ങുന്ന ഇരുനിറം
തോളത്ത് ഈരെഴതോർത്ത്
എവിടെയോ മറന്ന മുഖം
ഓർത്തെടുക്കാൻ ശ്രമിക്കാതെ അവൻ ചോദിച്ചു
"ബ്രോ, ഇൻസ്റ്റയിലുണ്ടല്ലേ?"
മുഖമുയർത്തി അമർത്തിയൊരു മൂളലായിരുന്നു ''ഊഹും"
അയഞ്ഞ നീരസത്തോടെ
അയാളവനെ ചുഴിഞ്ഞു നോക്കി
മുഷിഞ്ഞതെന്ന് തോന്നിക്കുന്ന
ജീൻസും ചാരനിറമുള്ള ടീ ഷർട്ടും
ഒറ്റക്കാതിലൊരു കമ്മൽ
ഇടതു കൈയിൽ പച്ചകുത്തിയിട്ടുണ്ട്
ഏതോ ഒരു രൂപം
നീട്ടി വളർത്തിയ ചെമ്പൻമുടി
ഉയർത്തി കെട്ടിവെച്ചതിന്
എന്തോ ഒരു ചേലുണ്ട്..
വീണ്ടുമവർ സംസാരിച്ചു
ഒടുവിൽ പിരിയാൻ നേരം
ഗാഢമായി ആശ്ലേഷിക്കുമ്പോൾ
രണ്ടുപേരുടേയും കണ്ണു നിറഞ്ഞൊഴുകിയിരുന്നു.
അർഥഗർഭമായ പദപ്രയോഗങ്ങൾ കണ്ട്
നിങ്ങൾക്ക് ജാഡയും അഹങ്കാരവുമെന്ന്
കരുതിയെന്നവൻ
നിന്റെത് വെറും തോന്ന്യാക്ഷരങ്ങൾ മാത്രമെന്ന് നിനച്ചുവെന്നയാളും
ശൈലികൾ വ്യത്യസ്തമെങ്കിലും
നമ്മൾ പാടിയതൊരേ സ്നേഹഗീതം
പങ്കിട്ടതൊരേ വേദനകൾ
കണ്ടതൊരേ സ്വപ്നങ്ങൾ.
ഇനിയുംകാണണമെന്ന് പറഞ്ഞ് അയാൾ തിരിഞ്ഞുനടന്നു.
ഉറച്ച കാൽവെപ്പുമായി മറയുന്നത് അയാളാണ് ; പഴയ കവിത
പുഞ്ചിരിച്ച് നോക്കി നിൽക്കുന്നതവനും; ഉത്തരാധുനിക കവിത...