ഉച്ചവെയ്ലേറ്റു നീ വാടിത്തളരവേ
വർഷബിന്ദുക്കളായ് ഞാനെത്തിടും!
ഏതോ വിഷാദാർദ്ര ചിന്തയിൽ നിന്മനം
ഏറെതരളിതമാർന്നിടുമ്പോൾ
മൗനസംഗീതമായ് നിന്നടുത്തെത്തിടും
മെല്ലെയാ മാറിൽ മയങ്ങിടും ഞാൻ!
നീയാം വലംപിരിശംഖിൽ നിറയുന്ന
സാമസംഗീതമായ് ഞാനുണരും ...
യാത്രയിൽ നിൻ പദനിസ്വനം കേൾക്കവെ
ഓടിവന്നെത്തിയാ പാതയിൽ ഞാൻ
എന്നും മൃദുല പുഷ്പങ്ങൾ ചൊരിഞ്ഞിടും
നന്ദനോദ്യാനത്തിലെന്ന പോലെ ..
വന്മരമായി ഞാൻ ശാഖകൾനീർത്തി നീ
പോകുമിടങ്ങളിൽ തണലേകിടും
എൻമനസ്സാകുന്ന ശ്രീകോവിലിൽ നിന-
ക്കെന്നുമെൻ സ്നേഹം നിവേദ്യമാകും..
നിദ്രയിൽ നിന്നടുത്തെത്തും കിനാവിൽ ഞാൻ
നിത്യസമാഗമമാർന്നിടും നാം ....
എല്ലാം മറന്നു നീയെന്നങ്ക ശയ്യയിൽ
ചെമ്മേയുറങ്ങിടും ശാന്തമായി
എന്നോ നിനക്കായ് വിരചിതമാം കാവ്യ -
മേറെമധുരമായാലപിയ്ക്കും..!
താരാപഥങ്ങളിൽ, സൗരയൂഥങ്ങളിൽ
ആ ഗാനനിർഝരിയെത്തിടുമ്പോൾ
വിണ്ണിലും മണ്ണിലും നിത്യവസന്തർത്തു -
വെങ്ങുംനിറഞ്ഞു വിലാസ ലോലം
വിങ്ങി വഴിയുമാ സൗഭാഗ്യമേളത്തി-
ലെല്ലാം മറന്നു ലയിച്ചിടുമ്പോൾ
വിണ്ണിലും മണ്ണിലും നിത്യവസന്തർത്തു -
വെങ്ങും നിറഞ്ഞു വിലാസ ലോലം
വിങ്ങിവഴിയുമാ സൗഭാഗ്യമേളത്തി-
ലെല്ലാം മറന്നു ലയിച്ചിട്ടുമ്പോൾ
ഏഴു വർണങ്ങളിൽ മാരിവിൽ ചാരുത
ഏഴഴകോടെ വിടർന്നു നിൽക്കും ....!