കാറ്റുപാടും ഞാറ്റുവേല പാട്ടു മൂളും കിളിമകളേ,
കാത്തിരുന്ന നാളിൽ നമുക്കൊത്തു ചേർന്നിടാം!
ആകാശ താഴ് വരയിൽ ഈ നല്ല സുദിനത്തിൽ
ആത്മാവിൽ പൂമാരി ചന്തമൊരുക്കാം,
പാട്ടുപാടാമീണത്തിൻ കൂട്ടുകൂടി കളിയാടാം
പാൽനിലാപ്പൂ ചിരിതൂകിയെ തിരേറ്റിടാം..
കൈത പൂക്കും കാട്ടിലും കന്നിവയലോരത്തും
കമനീയ ഭാവനയാൽ കാവ്യമൊരുക്കാം
ഓടിയോടിക്കളിച്ചീടാം പൂമ്പാറ്റ ചിറകിലേറി
ഒന്നാനാം കുന്നിന്മേൽ പാറിപ്പറക്കാം
സ്വപ്നങ്ങൾ വിരിയുന്ന പൂവാടി തീർക്കുവാൻ
ഒരുമയോടെന്നും കൈകൾ കോർത്തിടാം
നമുക്കൊരു നല്ല നാളെയ്ക്കായ് അണിചേർന്നിടാം
അണിചേർന്നിടാം നമുക്കണി ചേർന്നിടാം
അറിവുകളമൃതായി പകർന്നു നൽകാം
അരുമകളെയലിവോടെ ചേർത്തു പുൽകാം!