ഞാനൊരു മിഴിവാർന്ന
അനുഭവം.
കുഞ്ഞു കാലത്ത് മഞ്ഞ്
പോലെ മനോഹര നീർത്തുള്ളിയായ്
ചേമ്പിലയിൽ വീണ് തിളങ്ങി.
ചൂണ്ടലിൽപരൽ മീനുകൾ പിട പിടക്കുന്നതിൽ മനം നൊന്ത് ,
കുഞ്ഞാടുകൾ, കോഴികൾ കഴുത്തിൽ കത്തി വെച്ച് ചോര ചീറ്റി , മേശയിൽ വിഭവമായതിൽ വിഷമിച്ച് ...
എന്തും ഒരു ചാറ്റൽ മഴ പോൽ നറു
സംഗീതമായ് നുരയും
ആ തെളിഞ്ഞ മനസ്
എപ്പോഴാണത് പടിയിറങ്ങി പോയത്.
നര വീഴും നേരം നരച്ച മനസുമായ്
ഒന്നിലും പുതുമ കാണാനാകാതെ,
ഒളിച്ചു കടന്നത്...
തിരികെ നടക്കണമൊരു
കുഞ്ഞിൻ കണ്ണിലൂടെ എന്നു കരുതും നേരം ആരാണ് എന്നെ ഭ്രാന്തിയെന്നു മുദ്ര കുത്തിയത്...
വൃദ്ധ സദനത്തിലേക്ക് വലിച്ചെറിഞ്ഞത്.