mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

സർവ്വത്തിനും സാക്ഷിയായ് നിന്ന സൂര്യന്റെ
മുഗ്ദ്ധ വദന മരുണാഭമായ്

സന്ധ്യാംബരത്തിനെ മെല്ലെക്കരങ്ങളാൽ
മന്ദമാശ്ലേഷിച്ചു ചൊല്ലി മന്ദം

രാഗസുരഭില സുന്ദരീയെന്തിതു
നീൾ നയനങ്ങളിലശ്രുവിന്നും

ഏകാന്ത രാവിൽ വിരഹം സഹിയാതെ
കാമിനീ നിൻ മനം തേങ്ങിടൊല്ലേ...

തിങ്ങും തമസ്സു പരക്കുന്നതിൻ മുമ്പു
കൂടണഞ്ഞീടുന്നു പക്ഷികളും...

അത്രക്കുവേദനയുണ്ടെങ്കിലുമിതു
നിത്യ പ്രയാണത്തിനീണമല്ലേ... 

ഓരോ ഋതുക്കളുമെത്തിടും താളത്തി
ലോരോ പുലരിയും ചേർന്നണയും

വിണ്ടുണങ്ങീടുന്ന മണ്ണിന്റെ മാറിലായ്
വിങ്ങും മുകിലുകൾ പെയ്തിറങ്ങും...

ഓരോ നവ നവവർണ ചിത്രങ്ങളാൽ
ഹേമന്ത സന്ധ്യയൊരുങ്ങി നിൽക്കും

മിന്നിത്തിളങ്ങിടും കുഞ്ഞു നക്ഷത്രങ്ങൾ
കണ്ണിമവെട്ടാതെ കാവൽ നിൽക്കും...

ഓരോ വസന്തർത്തുവീണം പഠിപ്പിച്ച
കോകിലഗാന ശ്രുതി മുഴങ്ങും

 നീളെ നിശാഗന്ധി പൂത്ത പരിമളം
ചേലിലായെങ്ങും പരന്നൊഴുകും..

വർണച്ചിറകുള്ള കുഞ്ഞു പൂമ്പാറ്റകൾ
വാനിലുയർന്നു പറന്നകലും

നാളെപ്പുലരിയിൽ നിന്നെയും കാത്തു ഞാൻ
പൂർവ്വാംബരത്തിൽ തെളിഞ്ഞുയരും...!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ