മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പരതിഞാൻ പെരുവഴിയിൽ വിജനത-
യിൽ, നിശ്ശബ്ദതയിൽ കൂരിരുട്ടിൽ,
പച്ച വെളിച്ചത്തിൽ പൊരുളറിഞ്ഞീല,
നമ്മുടെ ബന്ധത്തിൻ കഥയറിഞ്ഞീലിതുവരെ.

കടുംവേനലിൽ കുളിർമഴ കോരിച്ചൊരി-
യുമ്പൊഴെത്തുമാ, നെഞ്ചിലെ വിയർപ്പൊ?
വിയർപ്പറ്റ വെടിപ്പൊ? നേർത്ത ബന്ധമാ
ണപ്പൊഴെനിക്കും മഴയ്ക്കും.!വർഷത്തിനും 

വർഷവേഗങ്ങളിൽ മഴ നനഞ്ഞെത്തി 
വിറച്ച്,ഉഗ്രോഷ്ണബാധയാലറ്റു പോകു-
മാ നനഞ്ഞ നെൽകറ്റയുടെ ബന്ധമാണെ-
നിക്കും,ഉഷ്ണത്തിനും, ഗ്രീഷ്മത്തിനും 

കൊടുംമഞ്ഞിലൂടെക്കിതച്ചു പോം വെയി-
ലിന്റെ പാട്ടിലുരുകിയൊലിക്കുന്ന
കൊച്ചരുവിയുടെ കുഞ്ഞോളങ്ങളിൽ
പുതച്ചുറങ്ങുമ്പൊഴും നേർത്ത ബന്ധമാ-
ണെനിക്കും കുളിർമഞ്ഞിനും,വെയിലിനും.
വസന്തം വിതയ്ക്കുന്ന പൊലിമയുടെ
സംഗീതഹർഷാരവങ്ങളിൽ തളിർക്കുന്ന
പുതുനാമ്പുകളിലാണെന്റെ ഹൃദയബന്ധം  

ഇളവെയിൽ കായുന്ന ശരത് കാലവും 
നറുനിലാവൊഴുന്ന ഹേമന്തവും,മാമ്പൂ
വുതുർക്കുന്ന ശിശിരവും,പൂത്തുല്ലസിക്കും
വസന്തവും, കരിഞ്ഞുണങ്ങിയ ഗ്രീഷ്മവും 

ഭൂമിയുടെ ദാഹനീരാറ്റുന്ന വർഷവും, കാല-
മെന്നിലൊളിയായ് മിന്നിയൊരു സംവത്സരം
തീർക്കവെ,ഒരാണ്ടിന്റെ നെടുവീർപ്പ് മറ്റൊരു
ആനയിപ്പിൻ ആഢംബരങ്ങൾ കാണവെ 

എന്നിലെപ്പോഴുമൊരു പ്രണയിത ഹൃദയം
തുറന്നിരിക്കാൻ കനിവേകണെ,
ഋതുഭേദ- ങ്ങളിലൊലിച്ചു പോകാത്ത പ്രണയമെ.! 
പരസ്പരപൂരകമീ ജീവിതം ധന്യമാക്കീടണെ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ