ഉദിച്ചുയർന്നൊരു സൂര്യബിംബം
മുകിലുവന്നു മറച്ചപോൽ;
കത്തിനിന്നൊരു ഭദ്രദീപം
കാറ്റുവന്നു കെടുത്തപോൽ;
ഉള്ളിലുള്ളൊരു ദീപ്തസ്വപ്നം
നിദ്രവിട്ടു പറന്നപോൽ,
പോയ്മറഞ്ഞൊരുയോണനാളുകൾ
വീണ്ടുമെത്തുമൊരാശപോൽ!
സാന്ദ്രരാഗം നെഞ്ചലിഞ്ഞൊരു
സ്വപ്നവീണയതെന്ന പോൽ,
ഉള്ളിലുറയും സ്പന്ദനങ്ങളെ
തൊട്ടിലാട്ടിയയോർമകൾ!
എന്നുമെന്നുടെ വാസരങ്ങൾ
ഓണനാളുകളാവുവാൻ;
തപസ്സിരിക്കുമൊരുൾത്തടത്തിൻ
കാവലാവുകയാണു ഞാൻ!
മോഹനിദ്രാപാദപങ്ങളിൽ
കൂടുകെട്ടിയ സ്വപ്നമേ,
നിന്റെ ചിറകടി കേൾക്കുവാനായ്
വീണുറങ്ങുകയാണു ഞാൻ!