ഒരു പൂവായിരിക്കുക എന്തെളുപ്പമാണ്...
ദിവസവും നാഴികയും കണക്കുകൂട്ടി
ചുമ്മാതങ്ങ് വിടർന്നാൽ മതി.
ചുറ്റും മതിമയക്കുന്നൊരു പൂമണം
വെറുതെയങ്ങ് പരത്തിയാൽ മതി.
വെയിലേൽക്കുമ്പോളേക്കും
ഇതളുകൾ പൂട്ടി
നിന്നനിൽപ്പിലങ്ങ് കൊഴിഞ്ഞാൽ മതി ..
എന്നാലൊരു പൂവെടുത്ത്
മനസ്സിൽ വെച്ചാലോ?
അതോടൊപ്പം ഒരുടൽ മുഴുവൻ
തിടുക്കപ്പെട്ടുണരേണ്ടി വരും.
ആ സുഗന്ധത്തിൽ ഭ്രമിച്ചുപോകും ,
അലസപ്പെട്ടുറങ്ങിയ സിരകളെല്ലാം.
വസന്തം പതുങ്ങിവന്ന്
വിരൽത്തുമ്പിൽ കാവൽകിടക്കും.
പിന്നെ..
പിന്നെ,
തൊടുന്നതെല്ലാം
നമുക്ക് പൂവായ് മാറും....!!