ഒഴുകുന്ന പുഴ പോലെ...
പുഴയുടെ സ്വഭാവം ഒഴുകിക്കൊണ്ടേയിരിക്കുക എന്നതാണ്. തീരത്തുള്ള കാഴ്ചകളോ ആരവങ്ങളോ ശാന്തതയോ ഒന്നും തന്നെ ശ്രദ്ധിക്കാതെയുള്ള ഏകാന്ത പ്രയാണമാണത്.
ചിലയിടങ്ങളിൽ തീരത്തു നിന്നും മാലിന്യം എറിയപ്പെട്ടേക്കാം. അതും വഹിച്ചുകൊണ്ടങ്ങനെയൊഴുകും. തീരത്ത് പൂത്തുലഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളിൽ നിന്നും സുഗന്ധ പുഷ്പങ്ങൾ വർഷിച്ച് ചിലപ്പോൾ സന്തോഷാതിരേകത്തോടെ വരവേൽക്കപ്പെടാറുമുണ്ട്. അപ്പോഴും ഒഴുക്കിന് ഒരേ ഭാവമാണ്.
തനിക്കു കിട്ടുന്ന പൂച്ചെണ്ടും കല്ലേറുമെല്ലാം ഒരേ മനസ്സോടെ അഥവാ നിസ്സംഗമായി സ്വീകരിച്ച് നിൽക്കാതെയുള്ള പ്രവാഹം അപ്പോഴും തുടരുന്നുണ്ടാകും. ചിലപ്പോൾ ശാന്തമായും തെളിഞ്ഞും,മറ്റു ചിലപ്പോൾ തീരം തകർത്തും കലങ്ങിയുമായിരിക്കുമെങ്കിലും ഒഴുകാതെ വയ്യല്ലോ പുഴക്ക് ... ഒഴുകാതിരിക്കുവതെങ്ങനെ!
പുഴ നല്ലൊരു മാതൃകയാണ്. ജീവിതയാത്രയും ഇതുപോലെയാവണം. സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ജീവിതത്തിൻ്റെ ഭാഗമാണെന്നറിഞ്ഞ് ആർത്തുല്ലസിക്കാതെയും തകർന്നടിയാതെയും ഉദാസീനതയോടെ ലക്ഷ്യത്തിലേക്കങ്ങനെയൊഴുകി നീങ്ങണം.പുഴയൊഴുക്കായി ശാന്തമായി ..!
വിദൂരവാനിൽ തിളങ്ങുന്ന താരകങ്ങളെയും സൂര്യചന്ദ്രന്മാരെയും അഗാധനീലിമയാർന്ന ആകാശവീഥിയെയും അന്തരാത്മാവിൽ ഏറ്റുവാങ്ങിയങ്ങനെ ശാന്തമായൊഴുകാം.