വെള്ളിമേഘപ്പുഴയിൽ വീണു
പൊലിഞ്ഞ താരക സ്വപ്നങ്ങളും,
വാസന്തപ്പുലരിതൻ വർണ്ണശീലിൽ
കാഴ്ചമാഞ്ഞ കാറ്റിൻ സന്താപവും
തുഷാരതീർത്ഥം ഒഴുകിപ്പോയ
തളിരിലത്തുമ്പിന്റെ നൊമ്പരവും
കാലത്തിൻ ചിമിഴിലൊതുക്കി,
പുതുയാത്രപോകും ഡിസംബർ
ഹൃത്തിൽ രാഗമായ്പെയ്‌തിറങ്ങി
നിനക്കാതൊരുനാൾ മൗനമായ
പ്രണയത്തിന്നീറൻ തുള്ളികളും
അക്ഷരങ്ങളിൽ തെളിയാത്ത
ഹൃദയരഹസ്യങ്ങളും
ചിമിഴിൽ ചേർത്തു വെക്കില്ലേ !
മഞ്ഞുറഞ്ഞു മാഞ്ഞ ഗതകാല വഴിയിൽ
പൂർവ്വരാഗത്തിന്നീരടികൾ മൂളി
ഒരുനാൾ അവൾ വന്നാൽ ...
പിൻവിളികൾ കാതോർത്തു
കാലം നട്ടുവളർത്തിയ ഓർമ്മമരകൊമ്പിൽ
ചകോരമിന്നും ഒറ്റക്കിരിപ്പുണ്ടെന്നു
അവളോട് പറയണം
കാലത്തിൻ പടിയിറങ്ങുമ്പോഴും
ഹൃദയത്തിലണയാത്ത
സ്വപ്ന ദീപത്തിലായിരം
പുതു തിരിതെളിയിച്ചു
പുതുയാത്രക്കൊരുങ്ങുന്ന
പ്രിയ ഡിസംബർ
നിന്നോടെനിക്ക് പ്രണയമാണ്,
ദിനരാത്രങ്ങൾ കൂട്ടിവെച്ച്
കയ്പും മധുരവും നിറഞ്ഞ
അവസാനരാവിന്റെ മധുചഷകം
നുകരാൻ കാത്തിരിക്കാം.