ബാല്യത്തിൽ നീ കമലയുടെ
'നെയ്പ്പായസം' നുണയണ-
മെന്നാലേ അമ്മതൻ നീറിയ
ജീവിത രുചിയറിയൂ.....
സ്കൂളിലേക്കിറങ്ങും മുൻപ്
'ടോട്ടോച്ചാനൊ'രാവർത്തി വായിക്കുകിൽ
മടി പിടിച്ചുണരാതിരിക്കില്ല.
നൂക്ലിയർ ഫിസിക്സ്
മനപാഠം ചൊല്ലിയുടനെ
ആശാന്റെ 'കരുണ' ചൊല്ലുകിൽ
നിർമിച്ച ബോംബിനെ നിർവീര്യമാക്കാൻ
നിന്റെ കൈകൾ മടിക്കില്ല.
വളർന്നു വലുതാകുമ്പോൾ
കേശവദേവിന്റെ 'ദീനാമ്മയെ' കാണുക.
അടുത്ത് നിൽപ്പോനെ
കറുത്തെന്നോ മെലിഞ്ഞെന്നോ
നിന്റെ നാവ് മൊഴിയില്ല.
എന്നെങ്കിലുമൊരു മരത്തിൽ
ഇരുമ്പ് വെക്കുമ്പോൾ
'ഭൂമിക്കൊരു ചരമഗീതം' പാടുക.
ആസന്നമാകുന്ന മൃത്യുവിനെ
ആത്മശാന്തിക്കായ് തടയുക.
കൗമാരത്തിൽ ഭഗത് സിംഗിനെ
വായിക്കുകിൽ, വിപ്ലവം
ആഘോഷവും തോരണം
തൂക്കലുമല്ലെന്നറിയും.
യൗവനത്തിൽ ജിബ്രാന്റെ *
'പ്രവാചകനോട് ' സംസാരിക്കാം.
പ്രണയത്തിന്റെ പുതിയ
സ്പർശനങ്ങൾ പകരാം.
പ്രാർത്ഥിക്കും മുൻപേ
ടാഗോറിന്റെ ഗീതാഞ്ജലി
ഒരാവർത്തിയോതുകിൽ
ഇരുട്ടിൽ നീ ധ്യാനിക്കുന്ന
ദൈവമവിടെ ഇല്ലെന്നറിയാം.
ഓടിതളരുമ്പോൾ
ഓഷോയെ അറിയുക.
കൂട്ടിവെച്ചതൊന്നും
നാളേക്കില്ലെന്നതോർക്കുക.
ലോകത്തിന്റെ നെറുകയിൽ
നിന്നച്ഛനെ നോക്കുമ്പോൾ
ദേവിന്റെ പപ്പു*വിനെയോർക്കുകിൽ
നിന്റെ മുഖം ചുളിയില്ല.
മതം തലക്കു മുകളിൽ
പൊങ്ങും നേരം
ഉള്ളൂരിന്റെ പ്രേമസംഗീതം
കേൾക്കുകിൽ, നീ
അരൂപനായ ദൈവം
അദൃശ്യനല്ലെന്നറിയും.
കാമുകിയെ കാണാൻ
അതിരു കവിഞ്ഞു തോന്നുമ്പോൾ
ബഷീറിന്റെ മതിലുകളിൽ
ഒറ്റയ്ക്കിരിക്കുക.
സ്നേഹത്തിന്റെ ഉള്ളടക്കമവിടെയാണ്.
ഒറ്റയ്ക്കാണെന്നുറക്കെ
കരയുമ്പോൾ നിനക്ക്
ആൻഫ്രാങ്കിന്റെ
ഡയറി വായിക്കാം.
സമാധാനത്തോടെ
ശ്വസിക്കുന്നതിൽ പോലും
ആനന്ദം കണ്ടെത്താം.
സായാഹ്നങ്ങളിൽ
പൊറ്റെക്കാടിനെ കൂടെ കൂട്ടുക.
നിനക്കു ചുറ്റുമുള്ള
നാലടി മണ്ണും ചെറിയ മനുഷ്യരുമല്ല
ലോകമെന്നറിയുക.
ഊന്നുവടി മണ്ണിൽ
തൊടും മുൻപ്
കലാമിന്റെ അഗ്നിച്ചിറകിലേറി
തുറന്ന കണ്ണോടെ സ്വപ്നം കാണുക.
വീണിടത്തു നിന്നുമെണീറ്റു
ഓടിത്തുടങ്ങാൻ പഠിക്കുക.
ഉറങ്ങും മുൻപ്
കാട്ടാക്കടയുടെ കണ്ണട വെക്കുക.
കാഴ്ചകൾ തെളിഞ്ഞിട്ടുറങ്ങുക,
പ്രിയ മകനേ..........
* ഖലീൽ ജിബ്രാൻ
* കേശവദേവ്